ന്യൂദല്‍ഹി- റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് വി ഇന്ത്യയില്‍ നിയന്ത്രണങ്ങളോടെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് വിദഗ്ധ സമിതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യോട് ശുപാര്‍ശ ചെയ്തു. ഡിസിജിഐയുടെ അന്തിമ അനുമതി ലഭിച്ചാല്‍ പൊതുജനങ്ങള്‍ക്ക് ഈ വാക്‌സിനും ലഭ്യമായിത്തുടങ്ങും. നിലവില്‍ ഇന്ത്യയില്‍ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ഫാര്‍മ ഭീമന്‍ ആസ്ട്രസെനകയും സംയുക്തമായി വികസിപ്പിച്ച് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകള്‍ മാത്രമാണ് ഇന്ത്യയില്‍ അനുമതിയോടെ വിതരണം ചെയ്യുന്നത്.
മുന്‍നിര മരുന്നു നിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ് ആണ് ഇന്ത്യയില്‍ സ്പുട്‌നിക് വി വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. 18നും 99നും ഇടയില്‍ പ്രായമുള്ളവരിലാണ് ഈ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷിച്ചത്. റഷ്യയിലെ ഗമലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതാണ് ഈ വാക്‌സിന്‍