ന്യൂദല്‍ഹി- ഗുജറാത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകള്‍െക്കതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറോട് നിര്‍ദേശിച്ചു. 1951-ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതിന് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാനാണ് നിര്‍ദേശം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്‍ നോട്ടീസയച്ചിട്ടുമുണ്ട്. നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ 18-നകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പിന് മുമ്പുള്ള 48 മണിക്കൂര്‍ നിരോധം ലംഘിച്ചുവെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരെ കമ്മീഷന് പരാതികള്‍ ലഭിച്ചിരുന്നു. ചട്ടം ലംഘിച്ചുകൊണ്ടുള്ള സംപ്രേഷണം നിര്‍ത്താന്‍ ചാനലുകളോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ബി.ജെ.പി മൂന്ന് പരാതികളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്.