ന്യൂദല്‍ഹി- വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനില്‍ നിന്ന് 26 വചനങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരനായ യുപിയിലെ ശിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ അധ്യക്ഷനായ സയിദ് വസീം റിസ്വിക്ക് കോടതി 50,000 രൂപ പിഴയും വിധിച്ചതായി ബാര്‍ ആന്റ് ബെഞ്ച് റിപോര്‍ട്ട് ചെയ്യുന്നു. 26 വചനങ്ങള്‍ 'അക്രമം പ്രോത്സാഹിപ്പിക്കുന്നു' എന്നായിരുന്നു റിസ്വിയുടെ ആരോപണം. ഇവ യഥാര്‍ത്ഥ ഖുര്‍ആനിന്റെ ഭാഗമല്ലെന്നും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും അതിനാല്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം വാദിച്ചു.
റിസ്വിയുടെ ഈ ഹര്‍ജിക്കെതിരെ യുപിയിലെ നിരവധി ഇസ്ലാമിക പണ്ഡിതരും മുസ്ലിം സംഘടനകളും ശക്തമായി രംഗത്തു വന്നിരുന്നു. മാര്‍ച്ച് 11നാണ് ഹര്‍ജി സമര്‍പ്പിച്ചത്. പലയിടത്തും റിസ്വിക്കെതിരെ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയിരുന്നു. ജമ്മു കശ്മീരിലെ ഒരു ബിജെപി നേതാവ് അടക്കം നിരവധി പേര്‍ റിസ്വിക്കെതിരെ പരാതികളും നല്‍കിയിരുന്നു. പല സുപ്രധാന വിഷയങ്ങളിലും ബിജെപിക്ക് അനുകൂലമായി നിലപാട് സ്വീകരിക്കാറുള്ള റിസ്വിയുടെ ഖുര്‍ആനെതിരായ നീക്കത്തെ അപലപിച്ച് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന മുസ്ലിം നേതാവുമായ സയിദ് ഷാനവാസ് ഹുസൈനും രംഗത്തു വന്നിരുന്നു. ഏതു മതത്തിന്റേതായാലും വിശുദ്ധ ഗ്രന്ഥങ്ങളെ കുറിച്ച് അംസബന്ധം പറയുന്നത് അപലപനീയമാണെന്ന് ഹുസൈന്‍ പ്രതികരിച്ചിരുന്നു.