ബെയ്ജിങ്- രാജ്യത്തെ കുത്തകവിരുദ്ധ നിയമം ലംഘിച്ചതിന് ഭീമന്‍ തുക പിഴ ശിക്ഷ വിധിച്ച ചൈനീസ് ഭരണകൂടത്തിന് നന്ദി അറിയിച്ച് ആലിബാബ. 280 കോടി ഡോളര്‍ പിഴ ഏറ്റുവാങ്ങിയാണ് ചൈനീസ് ഭരണകൂടത്തെ പ്രകീര്‍ത്തിച്ച് ആലിബാബ രംഗത്തുവന്നത്. 'ശക്തമായ സര്‍ക്കാര്‍ നിയന്ത്രണവും സേവനവും ഇല്ലാതെ ആലിബാബയ്ക്ക് ഇന്നത്തെ വളര്‍ച്ച നേടാന്‍ കഴിയുമായിരുന്നില്ല. വിമര്‍ശാന്തമക നിരീക്ഷണവും സഹിഷ്ണുതയും ബന്ധപ്പെട്ടവരില്‍ നിന്നുള്ള സര്‍വ പിന്തുണയും ഞങ്ങളുടെ വികസനത്തില്‍ വളരെ നിര്‍ണായകമായിരുന്നു. ഇതിന് ഞങ്ങള്‍ക്ക് കൃതജ്ഞതയും ബഹുമാനവും ഉണ്ട്,' ഒരു തുറന്ന കത്തില്‍ ആലിബാബ പ്രതികരിച്ചു.
ചൈനീസ് ഇ-കോമേഴ്‌സ് ഭീമനായ ആലിബാബയ്ക്ക് ചൈനയുടെ വിപണി നിയന്ത്രണ ഏജന്‍സിയായ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കെറ്റ് റെഗുലേഷന്‍ (എസ്.എ.എം.ആര്‍) ആണ് 280 കോഡി ഡോളര്‍ പിഴയിട്ടത്. വമ്പന്‍ ടെക്ക് കമ്പനികള്‍ക്കു മേലുള്ള നിയന്ത്രണം കടുപ്പിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ നീക്കം ആരംഭിച്ചതിനു ശേഷം ഒരു കമ്പനിക്ക് ലഭിക്കുന്ന ആദ്യത്തെ ഏറ്റവും കടുത്ത പിഴയാണിത്. ഇതിലൂടെ ചൈനയിലെ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഭരണകൂടം ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ചൈനീസ് കോടീശ്വരനും ഏറെ പ്രശസ്തനുമായ ജാക്ക് മായുടെ കമ്പനികളില്‍ ഏറ്റവും വലിയ കമ്പനിയാണ് ആലിബാബ.
കഴിഞ്ഞ ഡിസംബറില്‍ ഭരണകൂടം ആലിബാബയ്‌ക്കെതിരായ അന്വേഷണം ആരംഭിച്ചിരുന്നു. രാജ്യത്തെ കുത്തക നിയന്ത്രണ നിയമം ലംഘിച്ചെന്നാണ് ആലിബാബയ്‌ക്കെതിരായ കുറ്റം. മറ്റു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും മര്‍ചന്റുമാരെ ആലിബാബ തടഞ്ഞതായി ഭരണകൂടം കണ്ടെത്തിയിരുന്നു. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ രംഗത്തെ മത്സരം തടസ്സപ്പെടുത്തിയ ആലിബാബയുടെ ഈ നീക്കം ഇന്റര്‍നെറ്റ് സമ്പദ്‌വ്യവസ്ഥയിലെ നൂതന മാറ്റങ്ങളെ ബാധിച്ചതായും ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ ഹനിച്ചതായും കണ്ടെത്തി. ആലിബാബയ്ക്ക് ലഭിച്ച ഈ കനത്ത പിഴ 2015ല്‍ അമേരിക്കന്‍ കമ്പനിയായ ക്വാല്‍കോമിന് വിധിച്ച 97.5 കോടി ഡോളറിന്റെ പിഴയുടെ ഇരട്ടിയിലേറെ വരും.
ഇന്റര്‍നെറ്റ്, ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ ഒരു തരത്തിലുള്ള സ്‌നേഹവും കരുതലുമാണെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പ്ള്‍സ് ഡെയ്‌ലി വിശേഷിപ്പിച്ചത്.