കോഴിക്കോട്- നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ച മുരുകന്‍ കാട്ടാക്കടയുടെ വിപ്ലവ ഗാനത്തിനു ബദല്‍ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
'മനുഷ്യനാവണം, മനുഷ്യനാവണം ഉയര്‍ച്ച താഴ്ച്ചകള്‍ക്കതീതമായ സ്‌നേഹമേ, നിനക്കു ഞങ്ങള്‍ പേരിടുന്നതാണ് മാർക്‌സിസം'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണം നിലനിര്‍ത്തി വരികള്‍ മാറ്റുകയാണ് ചെയ്തിരിക്കുന്നത്.
അക്രമ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ വിമര്‍ശിച്ചുകൊണ്ടാണ് വരികള്‍. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ സി.പി.എം പ്രതിസ്ഥാനത്തുള്ള സംഭവങ്ങള്‍ വാര്‍ത്താചാനലുകളില്‍ വന്ന റിപോര്‍ട്ടുകളുടെ ദൃശ്യങ്ങള്‍ പാട്ടിനൊപ്പം നല്‍കിക്കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മനസു മാറണം, മനുഷ്യനാവണം കറുത്ത ചിന്തയില്‍ പതിഞ്ഞ രക്തദാഹമേ നിനക്കു ഞങ്ങള്‍ പേരിടുന്നതാണ് മാക്‌സിസം'' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന നജീബ് തച്ചന്‍പൊയിലാണ്. സാദിഖ് പന്തല്ലൂര്‍, ഹര്‍ഷ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന്റെ നിര്‍മാണം ബദറു കൈതപ്പൊയിലാണ്.
ചോപ്പ്' എന്ന ചിത്രത്തിന് വേണ്ടി മുരുകന്‍ കാട്ടാക്കട എഴുതി ആലപിച്ചതാണ് ഒറിജിനല്‍ ഗാനം. മാര്‍ക്‌സിസത്തിന്റെ ധീരതയും ത്യാഗവും ഉയര്‍ത്തി പിടിക്കുന്ന ഈ ഗാനം ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കളും തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.