ഹൈദരാബാദ്- നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വന്നയുടന്‍ രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ട് അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീൻ (എ.ഐ.ഐ.എം.എം) പ്രസിഡണ്ട് അസദുദ്ദീൻ ഉവൈസി.
പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തരുത്. വീണ്ടും കോവിഡ് ലോക്ക്ഡൗൺ ഇന്ത്യയിലുടനീളം അടിച്ചേൽപ്പിച്ചാൽ അത് തെറ്റായിരിക്കും- ഉവൈസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ പറഞ്ഞു.
മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചശേഷം പ്രധാനമന്ത്രി രാജ്യവ്യാപകമായി ലോക്ക്ഡൗ ൺ പ്രഖ്യാപിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരമൊരു നടപടി ദരിദ്രർക്കെതിരായ വഞ്ചനയായിയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിൽ ഇന്ത്യയിലുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിലൂടെ 10 കോടി ദരിദ്രർക്ക് ജോലി നഷ്ടപ്പെട്ടു. ഏകദേശം 25-30 ലക്ഷം വൈറ്റ് കോളർ തൊഴിലാളികൾക്ക് ശമ്പളം കുറഞ്ഞു. ആളുകൾ മരിച്ചുവീണു.. അതിനാൽ, 2020 മാർച്ചിൽ പ്രധാനമന്ത്രി മോഡി ചെയ്ത തെറ്റ് ഈ വർഷം ആവർത്തിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ലോക്ക്ഡൗണല്ല കോവിഡിനെ നേരിടാനുള്ള മാർഗം, -ഉവൈസി കൂട്ടിച്ചേർത്തു.