സിലിഗുരി- പശ്ചിമ ബംഗാളിലെ സിതാല്‍കുചി മണ്ഡലത്തില്‍ വോട്ടെടുപ്പിനിടെ നാലു പേരെ കഴിഞ്ഞ ദിവസം കേന്ദ്ര സേന വെടിവച്ചു കൊന്നത് വംശഹത്യയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ടവരെല്ലാം മുസ്ലിംകളായിരുന്നു. നെഞ്ചിലാണ് ഇവര്‍ക്ക് വെടിയേറ്റത്. കേന്ദ്ര സേനയായ സി.ഐ.എസ്.എഫ് വ്യവസായ സുരക്ഷ നോക്കാന്‍ പരിശീലിപ്പിക്കപ്പെട്ടവരാണെന്നും ഇവര്‍ക്ക് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാറിയില്ലെന്നും മമത പറഞ്ഞു. ചല്‍മു മിയ, ജൊബേദ് അലി, അംജദ് ഹുസൈന്‍, നമീദ് മിയ എന്നീ വോട്ടര്‍മാരാണ് കൊല്ലപ്പെട്ടത്.
'ഇത് വംശഹത്യയാണ്. കൊല്ലാന്‍ വേണ്ടിയാണ് അവര്‍ നിറയൊഴിച്ചത്. അവര്‍ക്ക് മുട്ടിനെ താഴേക്കു വെടിവക്കാമായിരുന്നു. ഇത് നെഞ്ചത്തേക്കാണ് വെടിവച്ചിരിക്കുന്നത്'- മമത പറഞ്ഞു.
ആളുകള്‍ ആയുധം പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സി.ഐ.എസ്.എഫ് ജവാന്‍മാര്‍ സ്വയംരക്ഷാര്‍ത്ഥം വെടിവയ്ക്കുകയായിരുന്നു എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച പോലീസ് ഒബ്‌സര്‍വര്‍ വിവേക് ദുബെ നല്‍കിയ റിപോര്‍ട്ട്.
പുറത്തു നിന്നുള്ളവരാണ് ചട്ടങ്ങള്‍ ലംഘിച്ച് വെടിവച്ചതെന്നും മമത ആരോപിച്ചു. 'വെടിവെക്കുന്നതിന് ഇവിടെ വ്യക്തമായ ചട്ടങ്ങളുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആദ്യം ലാത്തി വീശുക, പിന്നീട് കണ്ണീര്‍ വാതകം, ശേഷം ജലപീരങ്കി... ഇതൊക്കെയാണ് ചട്ടം. ഇതുമായി ബന്ധപ്പെട്ട് എനിക്ക് രാഷ്ട്രീയം കളിക്കേണ്ട്. ഞാനിത് തുടക്കം മുതല്‍ പറയുന്നതാണ്. അവര്‍ ആളുകളെ വളഞ്ഞിട്ട് വോട്ടു ചെയ്യുന്നത് തടയുകയാണ്. ആളുകളെ വോട്ടു ചെയ്യാന്‍ അനുവദിക്കണം. വോട്ടാണ് ഇവര്‍ക്കുള്ള തക്ക മറുപടി,' മമത പറഞ്ഞു.