മുംബൈ- കണ്ണിറുക്കുന്നതും ഫ്ലൈയിംഗ് കിസ് നല്‍കുന്നതും ലൈംഗിക പീഡനത്തിന് കാരണമാകുന്ന ലൈംഗിക ആംഗ്യങ്ങളാണെന്ന് വ്യക്തമാക്കി പോക്സോ കോടതി 20 കാരന് ഒരു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. സംഭവം നടന്ന് 13 മാസത്തിന് ശേഷമാണ് പതിനാലുകാരി പോലീസിനെ സമീപിച്ചത്. പ്രതിക്ക് 15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ 10,000 രൂപ പെൺകുട്ടിക്ക് നൽകാനും ഉത്തരവായി.
കഴിഞ്ഞ വർഷം ഫെബ്രുവരി 29 ന് സഹോദരിയോടൊപ്പം പുറത്തിറങ്ങിയപ്പോൾ അയൽവാസിയായ പ്രതി കണ്ണിറുക്കിയെന്നും ഫ്ളൈയിംഗ് കിസ് നല്‍കിയെന്നുമായിരുന്നു പരാതി. നേരത്തെ പ്രതിയും സമാനമായ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്ന് പെണ്‍കുട്ടി ബോധിപ്പിച്ചു.
താനും പെണ്‍കുട്ടിയുടെ കസിനും തമ്മിൽ 500 രൂപയ്ക്ക് പന്തയം വെച്ചാണ് ഇങ്ങനെ ചെയ്തതെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല.
പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ച് മകള്‍ തന്നോട് പരാതിപ്പെട്ടിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കി.
കുട്ടിയും അമ്മയും വിവരിച്ച പ്രവൃത്തികളെ ഏതെങ്കിലും ലൈംഗിക ഉദ്ദേശ്യത്തോടെ ചെയ്തവയെന്ന് വിശേഷിപ്പിക്കാനാവില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്ന് പ്രതിഭാഗം അവകാശപ്പെട്ടു.
വ്യാജമായി പ്രതിചേർക്കാൻ എന്തെങ്കിലും കാരണമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിഗമനം.
സംഭവത്തിന് ശേഷം പ്രതി പല തവണ തർക്കിച്ചതിന് തെളിവുകൾ ഉണ്ട്. കണ്ണിറുക്കുന്നതും പറക്കും ചുംബനങ്ങള്‍ നല്‍കുന്നതും ലൈംഗിക ആംഗ്യമാണെന്നും അതുവഴി ഇരയെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും കോടതി വ്യക്തമാക്കി.