കണ്ണൂര്‍- പാനൂർ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തില്‍ ദുരൂഹത വർധിച്ചു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന നല്കി. പോലിസ് വിശദമായ അന്വേഷണം നടത്തും.
രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. രതീഷ് മരിച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും സംശയം പ്രകടിപ്പിച്ചത്. കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധകാരന്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയിലും പ്രതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം.
മന്‍സൂർ കൊല്ലപ്പെട്ട കേസ് നാളെ സംസ്ഥാന ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യാഗസ്ഥന് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ ഇസ്മായില്‍ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് കൈമാറും. നിലവില്‍ പോലിസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. ഇതുവരെ നാല് പേരാണ് പൊലിസിന്റെ പിടിയിലായത്. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, പ്രതിപട്ടികയില്‍ ഇല്ലാത്ത അനീഷ് എന്നിവരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു.
ഐ.ജി യോഗേഷ് അഗര്‍വാള്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടേഷനില്‍ കേരളത്തിന് പുറത്തായതിനാല്‍ ഐ.ജി സ്പര്‍ജന്‍ കുമാറായിരിക്കും താല്‍ക്കാലികമായി അന്വേഷണം ഏകോപിക്കുക.