ബെയ്ജിഗ്-ചൈനീസ് വ്യവസായ ഭീമന്‍ ആലിബാബ കമ്പനിക്ക് വന്‍ പിഴ ചുമത്തി ചൈനീസ് സര്‍ക്കാര്‍. കുത്തിക വിരുദ്ധ നിയമ ലംഘനത്തിന് 275 കോടി ഡോളര്‍ പിഴ ചുമത്തി. ചൈനയില്‍ ആദ്യമായാണ് ഇത്രയും വലിയ തുക പിഴ ചുമത്തുന്നത്. 2019ലെ ആലിബാബയുടെ വരുമാനത്തിന്റെ നാല് ശതമാനത്തോളമാണ് പിഴത്തുക. ആലിബാബയുടെ ഉടമസ്ഥന്‍ ജാക്ക് മായുടെ ബിസിനസ് സ്ഥാപനങ്ങള്‍ കുറച്ചു കാലമായി ചൈനീസ് സര്‍ക്കാറിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റഗുലേഷന്‍ കമ്പനിക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജാക്ക് മായുടെ ആന്റ് കമ്പനിയുടെ 3700 കോടി വിലവരുന്ന ഐപിഒ അധികൃതര്‍ നീക്കം ചെയ്തതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. 2015 മുതല്‍ മറ്റ് കമ്പനികളുടെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് ആലിബാബ തടയാന്‍ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍ നടപടി അംഗീകരിക്കുന്നുവെന്ന് ആലിബാബ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ആലിബാബ സ്ഥാപകന്‍ ജാക്ക് മാക്കും ചൈനയില്‍ കടുത്ത നിയന്ത്രണമുണ്ട്. 2020 ഒക്ടോബറില്‍ അപ്രത്യക്ഷനായ ജാക്ക് മാ ജനുവരിയിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. പിന്നീടും അദ്ദേഹത്തെക്കുറിച്ച് വലിയ വിവരമൊന്നുമില്ല.