ന്യുദല്‍ഹി- ദല്‍ഹിയിലെ കരോള്‍ബാഗില്‍ പൊതുസ്ഥലം കയ്യേറി കൂറ്റന്‍ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവെ ദല്‍ഹി ഹൈക്കോടതിയാണ് ഈ ചോദ്യം ഉന്നയിച്ചത്. അനധികൃത ഭൂമിയില്‍ നിന്നു കൊണ്ടുള്ള പ്രാര്‍ത്ഥന ദൈവം കേള്‍ക്കുമോ എന്നാണ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ചോദിച്ചത്. 108 അടി ഉയരമുള്ള പ്രതിമ നിയമവിരുദ്ധമായി നിര്‍മിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് ഹരി ശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
2002-ലാണ് ഈ പ്രതിമ സ്ഥാപിച്ചത്. ഇതോടനുബന്ധിച്ച് പ്രവ്രത്തിക്കുന്ന ക്ഷേത്രം നടത്തുന്നത് ഒരു ട്രസ്റ്റാണെന്നും എതിര്‍ കക്ഷികള്‍ കോടതിയില്‍ വാദിച്ചു. ക്ഷേത്രം മാറ്റാന്‍ കഴിഞ്ഞില്ലെങ്കിലും ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിയോഗിച്ച സമിതിയാണ് പ്രദേശത്ത് വന്‍തോതില്‍ പൊതുസ്ഥലം കയ്യേറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഹനുമാന്‍ പ്രതിമ സ്ഥാപിച്ചതും കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയിരുന്നു.
ഈ പ്രതിമ ഉള്‍പ്പെടെ കയ്യേറ്റ ഭൂമയിലെ മുഴുവന്‍ നിര്‍മാണ പ്രവത്തനങ്ങളുടേയും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെ പൂര്‍ണ വിവരം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹനുമാന്‍ പ്രതിമയുടെ പാദം റോഡരികിലെ നടപ്പാത കയ്യേറിയാണ് സ്ഥാപിച്ചിട്ടുള്ളത്. പ്രതിമയുടെ ബാക്കി ഭാഗങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് കയ്യേറ്റം ചെയ്ത ദല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമിയിലാണെന്നും ദല്‍ഹി പൊതുമരാമത്ത് വകുപ്പ് അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. റോഡും നടപ്പാതയും മുനിസിപ്പല്‍ കോര്‍പറേഷന്റെ പരിധിയില്‍ വരുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
ഈ സ്ഥലം എന്തു കൊണ്ട് വാണിജ്യാവശ്യങ്ങള്‍ക്കോ കാര്‍ പാര്‍ക്കിങിനോ ഉപയോഗിച്ചില്ല എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
മറ്റുള്ളവരുടെ അവകാശങ്ങളുടെ ചെലവില്‍ സ്വകാര്യ ലാഭത്തിനു വേണ്ടി പൊതുസ്ഥലം കയ്യേറി ആരാധനാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.