ഓസ്‌ലോ - കുടുംബാംഗങ്ങളെ വിളിച്ചു ചേർത്ത് ജന്മദിനം ആഘോഷിക്കുന്നതിനിടെ, കൊറോണ വൈറസിനെതിരായ സാമൂഹിക അകലം പാലിക്കൽ നിയമങ്ങൾ ലംഘിച്ചതിന് നോർവീജിയൻ പ്രധാനമന്ത്രി എർന സോൽബെർഗിന് 20,000 ക്രോണർ പിഴ ചുമത്തി.
ഫെബ്രുവരിയില്‍നടന്ന സംഭവത്തില്‍ പിഴ വിധിച്ച കാര്യം നോർവീജിയൻ സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്.
പത്തിലധികം പേരുടെ ഒത്തുചേരലുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിട്ടും ഫെബ്രുവരി അവസാനം ജന്മദിനത്തില്‍ 13 ബന്ധുക്കളെ പങ്കെടുപ്പിച്ചതിന് 60 കാരിയായ എർന ക്ഷമ ചോദിച്ചിരുന്നു.
പിഴ അടക്കുമെന്ന് അവർ സ്ഥിരീകരിച്ചു. കോവിഡ് -19 നിയമങ്ങൾ ലംഘിച്ചതിന് ക്ഷമ ചോദിക്കുന്നു, പിഴ ശിക്ഷ ഞാൻ സ്വീകരിക്കുന്നു, അത് അടയ്ക്കുകയും ചെയ്യും- അവർ പറഞ്ഞു.
നിയമം എല്ലാവർക്കും തുല്യമാണെന്ന് പോലീസ് മേധാവി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിന്‍ നേതാവാണെന്നും വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ അവർ മുൻപന്തിയിലുണ്ടായിരിക്കണമെന്നും പോലീസ് മേധാവി കൂട്ടിച്ചേർത്തു. അതേസമയം, കോവിഡ് വ്യാപിക്കുന്നതിനെതിരെ പ്രധാനമന്ത്രി എർനയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് നോർവേ. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം സ്കാന്‍ഡിനേവിയന്‍ രാജ്യത്ത് രോഗബാധയും മരണസംഖ്യയും കുറവാണ്.