ന്യുദൽഹി- മുൻപ്രധാനമന്ത്രി മൻമോഹൻസിങും മറ്റു കോൺഗ്രസ് നേതാക്കളും ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പാക്കിസ്ഥാനുമായി കൈകോർത്ത് ശ്രമം നടത്തി എന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഗുജറാത്തിൽ ഉപയോഗിച്ച ജലവിമാനം എത്തിയത് പാക്കിസ്ഥാനിൽ നിന്ന്. മോഡി യാത്രചെയ്ത കോഡിയാക് 100 എന്ന അമേരിക്കൻ കമ്പനിയുടെ വിമാനം ഇന്ത്യയിലേക്കുള്ള വഴിമധ്യേ പാക്കിസ്ഥാനിലെ കറാച്ചിയിൽ ഇറങ്ങിയതായാണ് വിമാന യാത്ര ട്രാക്ക് ചെയ്യുന്ന ഒരു വെബ്‌സൈറ്റ് പുറത്തു കൊണ്ടു വന്ന വിവരം.
ചൊവ്വാഴ്ചയാണ് മോഡി അഹമദാബാദിലെ സബർമതി നദിക്കു കുറുകെ ഈ ജലവിമാനത്തിൽ പറന്നത്. ഡിസംബർ മൂന്നിന് ഈ ജലവിമാനം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിൽ വന്നിറങ്ങിയത് കറാച്ചിയിൽ നിന്നായിരുന്നു. തിങ്കളാഴ്ചയാണ് ഈ വിമാനം അഹമദാബാദിലെത്തിച്ചത്. യു.എസിലെ യൂട്ടാ ആസ്ഥാനമായ ക്വസ്റ്റ് എയർക്രാഫ്റ്റ് കമ്പനിയുടേതാണ് ഈ ജലവിമാനം. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ടിന്റെ ഭാഗമായി അഹമബാദിൽ നടത്താനിരുന്ന മോഡിയുടെ റോഡ് ഷോയ്ക്ക് പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചു കൊണ്ടുള്ള ഈ ജലവിമാന യാത്ര.
അഹമദാബാദ് മുതൽ ധരോയ് വരെ മോഡി നടത്തിയ ജലവിമാന യാത്രയ്ക്കു മാത്രം ഏതാണ്ട് 42 ലക്ഷത്തോളം രൂപയുടെ ചെലവ് വരുമെന്ന് ചെറുവിമാന വ്യവസായ രംഗത്തുള്ളവർ പറയുന്നു.