തിരുപ്പതി- ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഢിയെ ത്രിമൂർത്തികളില്‍ ഒരാളായി വിശേഷിപ്പിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) മുഖ്യ പുരോഹിതൻ എ.വി രമണ ദീക്ഷിതുലുവിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്ത്. മുഖ്യമന്ത്രി വൈ.എസിന് ദിവ്യപരിവേഷം നല്‍കിയെന്നാണ് ആരോപണം.
മിറസി കുടുംബങ്ങളിൽ നിന്നുള്ള വിരമിച്ച പുരോഹിതരെ ഉൾപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനം വിഷ്ണു ഭഗവാന്‍റെ ധർമ്മ സംരക്ഷണത്തിനു തുല്യാമാണെന്നാണ് തിരുമല ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായി വീണ്ടും നിയമിക്കപ്പെട്ട ശേഷം ദീക്ഷിതുലു പറഞ്ഞിരുന്നത്.
ധർമ്മത്തെ സംരക്ഷിക്കുന്ന ത്രിമൂർത്തികളിൽ ഒരാളായി അദ്ദേഹം മുഖ്യമന്ത്രിയെ പരോക്ഷമായി പ്രശംസിക്കുകയായിരുന്നു.
തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്റെ നിരുത്തരവാദപരവും വിവേകശൂന്യവുമായ പ്രസ്താവനയാണിതെന്നും വിഷ്ണുവിന്റെ ദശലക്ഷക്കണക്കിന് ഭക്തർക്ക് ഇത് അപമാനമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സോമു വീരരാജു പറഞ്ഞു.
സംസ്ഥാന സർക്കാർ പൂർണമായും ഹിന്ദു വിരുദ്ധമായി മാറിയെന്നും റെഡ്ഡിയുടെ നിശബ്ദത ഇക്കാര്യം സ്ഥിരീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തിരുപ്പതി ദേവസ്ഥാനത്തെ മുഖ്യ പുരോഹിത പദിവിയുടെ പവിത്രത ദീക്ഷിതുലു ഇല്ലാതാക്കിയെന്ന് ആന്ധ്രപ്രദേശിന്‍ സംഘടനാ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദേവ്ധർ ആരോപിച്ചു.
റെഡ്ഡിയെ വിഷ്ണുവിനോട് ഉപമിച്ചത് അപലപനീയമാണെന്ന് ബിജെപി നേതാവും രാജ്യസഭാ അംഗവുമായ ജി.വി.എൽ. നരസിംഹറാവും ആരോപിച്ചു.