ബംഗളൂരു- ഇന്ത്യയിൽ ആദ്യമായി ആഭ്യന്തര ബജറ്റ് വിമാന സർവീസിനു തുടക്കമിട്ട എയർ ഡെക്കാൻ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു. 2003ൽ തുടക്കമിട്ട് 2012ൽ അടച്ചു പൂട്ടിയ വിമാന കമ്പനിയുടെ രണ്ടാം വരവിൽ ആദ്യ വിമാനം ഡിസംബർ 22ന് പറന്നുയരും. ആദ്യ യാത്രക്കാരിൽ ഭാഗ്യശാലികൾക്ക് ഒരു രൂപയ്ക്കും പറക്കാം. ജി ആർ ഗോപിനാഥ് തുടങ്ങിയ എയർ ഡെക്കാൻ 2008ൽ വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസിൽ ലയിച്ചിരുന്നു. കിങ്ഫിഷർ പൂട്ടിപ്പോയതോടെ എയർ ഡെക്കാനും വിസ്മൃതിയാകുകയായിരുന്നു.
ചെറു നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വിമാന സർവീസുകൾക്ക് പ്രോത്സാഹനം നൽകുന്ന കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ പിന്തുണയോടെയാണ് എയർ ഡെക്കാൻ വീണ്ടും വരുന്നത്. തുടക്കത്തിൽ മുംബൈ, ദൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നവിടങ്ങൾ കേന്ദ്രീകരിച്ച് തൊട്ടടുത്ത ചെറുനഗരങ്ങളിലേക്കാണ് സർവീസ് നടത്തുക. മുംബൈയിൽ നിന്നും നാസിക്കിലേക്കാണ് ആദ്യ വിമാനം 22ന് പറക്കുക. ടിക്കറ്റ് നിരക്കുകൾ 1400 രൂപയിൽ തുടങ്ങും. ഉഡാൻ പദ്ധതി പ്രകാരം ഒരു മണിക്കൂറിൽ താഴെ ദൂരം മാത്രം പറക്കുന്ന വിമാനങ്ങൾ 2500 രൂപയിൽ കൂടുതൽ നിരക്ക് ഈടാക്കാൻ പാടില്ല.
നാസിക്, പൂനെ, മുംബൈ, ജൽഗാവ് എന്നീ നഗരങ്ങൾക്കിടയിൽ ദിവസവും സർവീസുണ്ടാകും. ജനുവരിയിൽ രണ്ടാം സർവീസ് ദൽഹിയിൽ ആരംഭിക്കും. ആഗ്ര, ഷിംല, ലുധിയാന, പന്ത്‌നഗർ, ഡെറാഡൂൺ, കുളു എന്നിവടങ്ങളിലേക്കായിരിക്കും ദൽഹിയിൽ നിന്നുള്ള സർവീസ്. കൊൽക്കത്തയിൽ നിന്ന് ജംഷഡ്പൂർ, റൂർക്കെല, ദുർഗാപൂർ, ബഗ്‌ഡോഗ്ര, ബറൻപൂർ, കൂച് ബെഹർ, അഗർത്തല എന്നിവിടങ്ങളിലേക്കും ഷില്ലോങിൽ നിന്ന് ഇംഫാൽ, ദിമപൂർ, ഐസ്വാൾ, അഗർത്തല എന്നിവടിങ്ങളിലേക്കും സർവീസുകൾ താമസിയാതെ ആരംഭിക്കും.
തുടക്കത്തിൽ 19 സീറ്റുള്ള ബിച്ച് 1900 ഡി വിമാനങ്ങളാണ് എയർ ഡെക്കാൻ ഉപേയാഗിക്കുക. മൂന്ന് വിമാനങ്ങൾ ഇതിനകം എത്തിച്ചു. അടുത്തയാഴ്ചകളിൽ രണ്ടെണ്ണം കൂടി എത്തും. ജനുവരിയോടെ നാലുവിമാനങ്ങളും സർവീസ് നടത്തും. ചെറുവിമാനങ്ങൾ ആയതിനാൽ തിരക്കേറിയ മുംബൈ, ദൽഹി വിമാനത്താവശങ്ങളിൽ ഇടം ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്ന് ഗോപിനാഥ് പറഞ്ഞു. ചെറുവിമാനങ്ങൾക്ക് വിമാനത്താവള ഫീ നൽകേണ്ടതില്ല. അതുകൊണ്ട് തന്നെ സ്വകാര്യ വിമാനത്താവളങ്ങൾ ചെറുവിമാനങ്ങളെ പ്രോത്സാഹിപ്പാക്കാറില്ല.