തലശ്ശേരി- പാനൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. പ്രമാദമായ രാഷ്ട്രീയ കൊലക്കേസിലെ പ്രതികൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നതിലാണ് ദുരൂഹത. രാഷ്ട്രീയ കൊലക്കേസുകൾ ആസൂത്രണം ചെയ്തവരിലേക്ക് അന്വേഷണം എത്താതിരിക്കാൻ പ്രതികളെ കൊലപ്പെടുത്തുകയാണ് എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മൻസൂർ കൊലക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കണ്ണൂരിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ശുക്കൂർ വധക്കേസിലെ പ്രതിയെയും നേരത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഫസൽ വധക്കേസിലെ ഒരു പ്രതിയും ആത്മഹത്യ ചെയ്തിരുന്നു.
മൻസൂർ കൊലക്കേസിലെ പ്രതിയായ രതീഷ്(32) സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മൻസൂർ വധക്കേസിൽ രണ്ടാമത്തെ പ്രതിയാണ് രതീഷ്. കോഴിക്കോട് വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ ചെക്യാടിന് സമീപത്ത് ഒഴിഞ്ഞ പ്രദേശത്താണ് തൂങ്ങി മരിച്ച നിലയിൽ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അവിടെ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് നിഗമനം.
പാറക്കടവിൽ വെൽഡിങ് ഷോപ്പ് നടത്തുകയാണ് രതീഷ്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് രതീഷിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഒളിവിലായിരുന്ന രതീഷിനായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത.് മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷിനോസിന്റെ മൊബൈൽ ഫോണിൽനിന്ന് പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും സൂചനയുണ്ട്. ഇയാളുടെ വാട്‌സ് ആപ്പ് ചാറ്റുകൾ ഡീലീറ്റ് ചെയ്ത നിലയിലായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ചാറ്റുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
പോലീസ് പക്ഷപാതപരമായി പെരുമാറുന്നതായും കൊലപാതക കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും യു.ഡി.എഫ് പരാതിപ്പെട്ടു. മൻസൂറിന്റെ ശവ സംസ്‌ക്കാര ചടങ്ങിനിടെ സി.പി.എം ഓഫീസുകൾക്ക് തീവെക്കുകയും അക്രമം നടത്തുകയും ചെയ്തവരെ പിടികൂടാൻ ഉത്സാഹം കാണിക്കുന്ന പോലീസ് നിഷ്ഠൂരമായ ഒരു കൊലക്കേസിലെ പ്രതികളെ പിടികൂടാൻ താൽപര്യം കാണിക്കുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി.
കൊലക്കേസിൽ മൊത്തം 24 പ്രതികളാണുള്ളത്. ഇതിൽ 11 പ്രതികളെയാണ് തിരിച്ചറിഞ്ഞിരുന്നത്. ഇവർക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രതീഷിന്റെ മരണത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും മൻസൂർ വധക്കേസ് സി.ബി.ഐക്ക് വിടണമെന്നുമാണ് യു.ഡി.എഫ് ആവശ്യം. മൻസൂർ വധക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് പാനൂരിൽ യു.ഡി.എഫ് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.