ന്യൂദല്‍ഹി- ലക്ഷദ്വീപ് തീരത്ത് ഇന്ത്യയുടെ സാമ്പത്തിക മേഖല ഉള്‍പ്പെടുന്ന സമുദ്രാതിര്‍ത്തിക്കുള്ളില്‍ കയറി അനുമതിയില്ലാതെ നാവിക സേനാ അഭ്യാസം നടത്തി യുഎസ് നടപടിയില്‍ ആശങ്ക അറിയിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ സമുദ്ര സുരക്ഷാ നയം അനുസരിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ യുഎസ് നാവിക സേനയുടെ സെവന്‍ത് ഫ്‌ളീറ്റ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കളുളില്‍ നടത്ത ഫ്രീഡം ഓഫ് നാവിഗേഷന്‍ ഓപറഷന്‍ സംബന്ധിച്ച് നയതന്ത്ര വഴിയിലൂടെ അമേരിക്കന്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
മറ്റു രാജ്യങ്ങളെ മുന്‍കൂര്‍ അനുമതിയോ സമ്മതമോ ഇല്ലാതെ ഇന്ത്യയുടെ സ്വന്തം സാമ്പത്തിക മേഖലയിലോ ഭൂഖണ്ഡാതിര്‍ത്തിക്കുള്ളിലോ അനുവദിക്കില്ല എന്നതാണ് യുഎന്നിന്റെ കടല്‍ നിയമം സംബന്ധിച്ച ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. പ്രത്യേകിച്ച ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഉപയോഗിച്ചുള്ള സൈനികാഭ്യാസത്തിനും ഓപറേഷനും അനുമതിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും മലാക്ക കടലിടുക്കിലേക്കുള്ള യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സിന്റെ നീക്കം തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്നുവെന്നും സര്‍ക്കാര്‍ പറഞ്ഞു.
യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് എന്ന യുദ്ധകപ്പല്‍ ഉപയോഗിച്ച് ഏപ്രില്‍ ഏഴിനായിരുന്നു ഫ്രീഡം ഓഫ് നാവിഗേഷന്‍ ഓപറേഷന്‍സ് നടത്തിയത്. ലക്ഷദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്നും ഏകദേശം 130 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഈ അഭ്യാസം. തീരത്തു നിന്നും ഏകദേശം 240 കിലോമീറ്റര്‍ ദൂരം വരുമിത്. സ്വന്തം സാമ്പത്തിക മേഖലയ്‌ക്കോ ഭൂഖണ്ഡാതിര്‍ത്തിക്കോ ഉള്ളില്‍ സൈനികാഭ്യാസ പ്രകടനം നടത്തുന്നതിന് ഇന്ത്യയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഇന്ത്യയുടെ നയം. ഇത് രാജ്യാന്തര നിയമത്തിന് വിരുദ്ധമാണ്. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ചാണ് ഈ സൈനികാഭ്യാസ നടത്തിയതെന്നും യുഎസ് സെവന്‍ത് ഫ്‌ളീറ്റ് പബ്ലിക് അഫയേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.