ഹൈദരാബാദ്- തെലങ്കാനയില്‍ സ്വര്‍ണവും വെള്ളിയുമടങ്ങുന്ന കുടം ലഭിച്ച സ്ഥലത്ത് നിധി കണ്ടെത്താന്‍ ഇതിനുമുമ്പും പലരും കുഴിച്ചിരുന്നതായി റിപ്പോര്‍ട്ട്. കണ്ടെത്തിയ സ്വര്‍ണവും വെള്ളിയും ജില്ലാ കലക്ടര്‍ പിടിച്ചെടുത്തു.
പെംബാര്‍ത്തി ഗ്രാമത്തില്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് വ്യവസായി തന്റെ 11 ഏക്കര്‍ സ്ഥലത്ത് കുഴിക്കുന്നതിനിടെയാണ് നിധി കണ്ടെത്തിയത്. സ്ഥലം വീടുകളുടെ നിര്‍മാണത്തിനായി നിരപ്പാക്കുകയായിരുന്നു അദ്ദേഹം.
189.820 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും 1.727 കിലോ വെള്ളി ആഭരണങ്ങളും നിറച്ചുവെച്ച കലമാണ് ജംഗാവോണ്‍ ജില്ലയില്‍ കണ്ടെത്തിയത്.
ഹൈദരാബാദ് സ്വദേശിയായ നരസിംഹയാണ് രണ്ടടി താഴ്ചയില്‍ കലം കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം പ്രാദേശിക അധികൃതരെ അറിയിച്ചു.
സ്ഥലത്ത് കുഴിയെടുക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. സ്വര്‍ണ്ണത്തിനും വെള്ളിക്കും ഒപ്പം 6.5 ഗ്രാം മാണിക്യവും കണ്ടെത്തി, ചെമ്പ് കലം 1.200 കിലോ തൂക്കമുണ്ട്.
കകതിയ രാജവംശത്തിന്റെ ശേഷിപ്പാണിതെന്നാണ് കരുതുന്നത്.