ന്യൂദല്‍ഹി- രാജ്യത്ത് കൊറോണ വൈറസ് സ്ഥിതി വഷളായിട്ടും പരീക്ഷകളുമായി മുന്നോട്ടു പോകാനുള്ള സി.ബി.എസ്.ഇ അടക്കമുള്ള വിദ്യാഭ്യാസ ബോര്‍ഡുകളുടെ തീരുമാനം നിരുത്തരവാദപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
നിലവിലെ സാഹചര്യത്തില്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നത് സിബിഎസ്ഇ പോലുള്ള ബോര്‍ഡുകളുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദ നടപടിയാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളുടെ തിരക്ക് ഒഴിവാക്കുന്നതിന് ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ വേണം.
കൊറോണ വൈറസ് രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കെ, പരീക്ഷകളുടെ അധിക സമ്മര്‍ദ്ദം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
മെയ് നാല് മുതല്‍ ജൂണ്‍ ഏഴ് വരെ പത്താം ക്ലാസ് പരീക്ഷയും മെയ് നാല് മുതല്‍ ജൂണ്‍ 15 വരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഓഫ്‌ലൈന്‍ മോഡില്‍ നടത്തുമെന്നും മാറ്റിവെക്കാന്‍ ആലോചിക്കുന്നില്ലെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു. പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശാരീരിക അകലം ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളമുള്ള പരീക്ഷാകേന്ദ്രങ്ങള്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചതായി സി.ബി.എസ്.ഇ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം റെക്കോര്‍ഡ് തോതിലെത്തിയിരിക്കയാണ്. 24 മണിക്കൂറിനിടെ 1,31,968 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ചിന് ശേഷം രാജ്യത്തെ മൊത്തം അണുബാധകളുടെ എണ്ണം 1,30,60,542 ആയി ഉയര്‍ന്നു. 780 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,67,642 ആയി വര്‍ധിക്കുകയും ചെയ്തു. സജീവ കേസുകള്‍ 9,79,608 ആണ്.