ന്യൂദല്‍ഹി- ലക്ഷദ്വീപ് തീരത്തിനടുത്ത് ഇന്ത്യയുടെ സ്വന്തം സാമ്പത്തിക മേഖലയ്ക്കുള്ളില്‍ ഇന്ത്യയുടെ അനുമതി ഇല്ലാതെ യുഎസ് യുദ്ധക്കപ്പല്‍ നാവികാഭ്യാസം നടത്തി. യുഎസ് നാവിക സേനയുടെ സെവന്‍ത് ഫ്‌ളീറ്റാണ് തങ്ങള്‍ ഫ്രീഡം ഓഫ് നാവിഗേഷന്‍ ഓപറേഷന്‍സ് നടത്തിയതായി പ്രസ്താവനയിലൂടെ അറിയിച്ചത്. ഇന്ത്യയുടെ സമുദ്ര സുരക്ഷാ നയം അനുസരിച്ച് വിദേശ രാജ്യങ്ങള്‍ക്ക് ഇത്തരമൊരു അഭ്യാസം നടത്തണമെങ്കില്‍ ഇന്ത്യയുടെ അനുമതി വാങ്ങണം. ഇതിന്റെ ലംഘനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. യുഎസ് നാവികസേനയുടെ ഈ പ്രസ്താവന സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് എന്ന യുദ്ധകപ്പല്‍ ഉപയോഗിച്ച് ഏപ്രില്‍ ഏഴിനായിരുന്നു ഫ്രീഡം ഓഫ് നാവിഗേഷന്‍ ഓപറേഷന്‍സ് നടത്തിയത്. ലക്ഷദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്നും ഏകദേശം 130 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ഈ അഭ്യാസം. തീരത്തു നിന്നും ഏകദേശം 240 കിലോമീറ്റര്‍ ദൂരം വരുമിത്. സ്വന്തം സാമ്പത്തിക മേഖലയ്‌ക്കോ ഭൂഖണ്ഡാതിര്‍ത്തിക്കോ ഉള്ളില്‍ സൈനികാഭ്യാസ പ്രകടനം നടത്തുന്നതിന് ഇന്ത്യയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഇന്ത്യയുടെ നയം. ഇത് രാജ്യാന്തര നിയമത്തിന് വിരുദ്ധമാണ്. ഇന്ത്യയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ചാണ് ഈ സൈനികാഭ്യാസ നടത്തിയതെന്നും യുഎസ് സെവന്‍ത് ഫ്‌ളീറ്റ് പബ്ലിക് അഫയേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഈ സംഭവം പ്രതിരോധ വൃത്തങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ചൈനയുടെ സമുദ്ര മുന്നേറ്റത്തെ എതിര്‍ക്കുന്നതില്‍ ഒന്നിച്ചു നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും യുഎസും. ഇരുരാജ്യങ്ങളും പതിവായി നാവികാഭ്യാസ പ്രകടനം നടത്തിവരുന്നതുമാണ്. പുതിയ സംഭവ വികാസത്തെ കുറിച്ച് ഇന്ത്യന്‍ നാവിക സേനയോ വിദേശകാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.