മംഗളൂരു- ഒരു കോടി രൂപയുടെ ലോട്ടറിയടിച്ചുവെന്ന് വിശ്വസിപ്പിച്ച മലയാളിയും മുന്‍പ്രവാസിയുമായ മൊയ്തീന്‍ കുട്ടി (65) മംഗളൂരുവില്‍നിന്ന് മുങ്ങി. കോഴിക്കോട് സ്വദേശിയായ ഇയാള്‍ വ്യാജകഥയാണ് പ്രചരിപ്പിച്ചതെന്നും പലരില്‍നിന്നും പണം വാങ്ങിയാണ് മുങ്ങിയിരിക്കുന്നതെന്നും
പറയുന്നു.
സുഹൃത്തും ടൈലറുമായി രവിയില്‍നിന്ന് 500 രൂപ കടം വാങ്ങിയെടുത്ത ടിക്കറ്റിന് കേരള സംഗമിത്ര ലോട്ടറിയടിച്ചുവെന്നാണ് പറഞ്ഞിരുന്നത്.
സമീപത്തെ സൈബര്‍ കേന്ദ്രത്തില്‍നിന്ന് തിരുത്തിയ ലോട്ടറി ടിക്കറ്റാണ് ഇയാള്‍ ആളുകളെ കാണിച്ചിരുന്നത്. ഒറിജിനല്‍ ടിക്കറ്റ് തുക ലഭിക്കുന്നതിനായി സമര്‍പ്പിച്ചുവെന്ന് വിശദീകരിച്ചുകൊണ്ട് ടിക്കറ്റിന്റെ പകര്‍പ്പാണ് കൈയിലുണ്ടിയിരുന്നത്.
തൊക്കോട്ടുവിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ വാച്ച് മാനായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ലോട്ടറിയടിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം നല്‍കി.
നേരത്തെ ദുബായില്‍ ജോലി ചെയ്തപ്പോള്‍ പത്ത് കോടി രൂപ സമ്മാനം അടിച്ചുവെന്നും അതുകൊണ്ട് സ്ഥലം വാങ്ങി വീടുവെച്ചുവെന്നും പറഞ്ഞ ഇയാള്‍ എന്തിനാണ് മംഗളൂരുവില്‍ വാച്ച്മാന്‍ ജോലിക്കെത്തിയതെന്ന് പറഞ്ഞിരുന്നില്ല.
ഗള്‍ഫില്‍നിന്ന് മടങ്ങി വാച്ച്മാനായി; കടം വാങ്ങി ലോട്ടറിയെടുത്തു, ഒരു കോടി രൂപ സമ്മാനം