ബ്രയാന്‍- തോക്ക് സംസ്‌കാരം പകര്‍ച്ചവ്യാധിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചതിനു പിന്നാലെ ടെക്‌സസില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തോക്ക് പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് പദ്ധതികള്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
കിഴക്കന്‍ ടെക്‌സസ് പട്ടണമായ ബ്രയാനിലാണ് ആക്രമണം നടന്നതെന്നും പ്രതി കസ്റ്റഡിയിലാണെന്നും പോലിസ് അറിയിച്ചു. ബിസിനസ് പാര്‍ക്കായ കെന്റ് മൂറിലെ ആക്രമണത്തെക്കുറിച്ച് ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിവരം ലഭിച്ചതെന്നു പോലീസ് മേധാവി എറിക് ബുസ്‌കെ പറഞ്ഞു. ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ആകെ ഏഴുപേര്‍ക്കാണ് പരിക്കേറ്റതെന്ന് ബ്രയാന്‍ പോലിസ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് നിസാര പരിക്കാണ്. ബ്രയാന്‍ വെടിവെപ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പിന്തുടര്‍ന്ന് വെടിവച്ചതായും ഗുരുതരമായി പരിക്കേറ്റതായും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി റിപോര്‍ട്ട് ചെയ്തു.
കൊളറാഡോ, ജോര്‍ജിയ, കാലിഫര്‍ണിയ എന്നിവിടങ്ങളില്‍ ഈയിടെ കൂട്ട വെടിവെപ്പ് നടന്നിരുന്നു. അമേരിക്കയില്‍ ഓരോ വര്‍ഷവും 40,000 ത്തോളം ആളുകള്‍ വെടിവെപ്പില്‍ കൊല്ലപ്പെടുന്നു. ഇതില്‍ പകുതിയും ആത്മഹത്യകളാണെന്നാണ് കണക്ക്.