ദുബായ്- വിശുദ്ധ റമദാനില്‍ തറാവീഹ് ഉള്‍പ്പെടെയുള്ള നമസ്കാരങ്ങള്‍ പള്ളിയില്‍ നടത്താന്‍ ദുബായ് ഇസ്ലാമിക കാര്യ വകുപ്പ് അനുവാദം നല്‍കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പള്ളികളില്‍ തറാവീഹ് അനുവദിച്ചിരുന്നില്ല. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് നമസ്‌ക്കാരങ്ങള്‍ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. പള്ളിയില്‍ വരുന്നതു മുതല്‍ പോകുന്നതു വരെയുള്ള കാര്യങ്ങള്‍ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിച്ചു മാത്രമായിരിക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു.
ഇശാ നമസ്‌ക്കാരവും അതിനു ശേഷമുള്ള തറാവീഹ് നമസ്‌ക്കാരവും അരമണിക്കൂറിനുള്ളില്‍ പൂർത്തിയാക്കണം. ബാങ്ക് വിളിച്ച് അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ ഇശാ പ്രാര്‍ഥന തുടങ്ങുകയും അര മണിക്കൂറിനുള്ളില്‍ രണ്ട് നമസ്‌ക്കാരങ്ങളും അവസാനിപ്പിക്കുകയും വേണം. മാസ്‌ക് ധാരണം, ശാരീരിക അകലം പാലിക്കല്‍ തുടങ്ങിയവ നിര്‍ബന്ധമാണെന്നും അതോറിറ്റി വ്യക്തമാക്കി. പ്രാര്‍ഥനയ്ക്കായി വരുമ്പോള്‍ നമസ്‌ക്കരിക്കാനുള്ള മുസല്ല വീട്ടില്‍ നിന്ന് കൊണ്ടുവരണം. ഹസ്തദാനം, ആലിംഗനം തുടങ്ങിയ സാമൂഹ്യഅകലം ലംഘിക്കുന്ന ഒരു പ്രവൃത്തിയും പാടില്ല. പ്രാര്‍ഥനാ വേളയില്‍ അകലം പാലിച്ച് നില്‍ക്കുന്നതിനുള്ള സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.
പള്ളിയിലോ പരിസരത്തോ ആളുകള്‍ കൂടിനില്‍ക്കുന്ന സ്ഥിതി ഉണ്ടാവരുതെന്ന് അതോറിറ്റി ഡയരക്ടര്‍ ജനറല്‍ ഡോ. ഹമദ് അല്‍ ശെയ്ഖ് അല്‍ ശൈബാനി പറഞ്ഞു. തറാവീഹ് നമസ്‌കാരം കഴിഞ്ഞ ഉടന്‍ പള്ളികള്‍ അടയ്ക്കണം. പള്ളികളില്‍ റമദാനില്‍ പ്രത്യേക പ്രഭാഷണങ്ങള്‍ പാടില്ല. അതേസമയം, ഓണ്‍ലൈന്‍ പ്രഭാഷണങ്ങളാവാം. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ പള്ളിയിലെ മുസഹഫുകള്‍ക്ക് പകരം മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കണം. റമദാനിലെ അവസാനത്തെ 10 ദിവസങ്ങളില്‍ നടക്കാറുള്ള ഖിയാമുല്ലൈലിന്‍റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.