വാരാണസി- ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ പുരാവസ്തു സർവേ നടത്താന്‍ വാരണാസി ജില്ലാ കോടതി അനുമതി നൽകി. ഗ്യാന്‍വാപി പള്ളി പൊളിച്ചുമാറ്റി കാശി വിശ്വനാഥ ക്ഷേത്രമാക്കണമെന്ന് ഹിന്ദുത്വ ശക്തികള്‍ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ് കോടതിയുടെ തീരുമാനം.
1664 ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബാണ് 2000 വർഷം പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം ഗ്യാൻവാപി പള്ളി പണിയാൻ നല്‍കിയതെന്നും ആ ഭാഗം ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക അഭിഭാഷകൻ വി എസ് റസ്തോഗിയാണ് കോടിതയെ സമീപിച്ചത്.
ഹരജിയെ ഗ്യാൻവാപി പള്ളി മാനേജ്‌മെന്റ് കമ്മിറ്റി എതിർത്തുവെങ്കിലും പള്ളിയില്‍ ആർക്കിയോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ- എഎസ്‌ഐ സർവേയ്ക്ക് കോടതി അനുമതി നൽകിയിരിക്കയാണ്.. സർവേയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കോടതി ഉത്തരവ് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി സ്വാഗതം ചെയ്തു. അടുത്ത പന്ത്രണ്ടു മാസത്തേക്കുള്ള തന്‍റെ ദൗത്യങ്ങളില്‍ ഗ്യാൻവാപി കാശി വിശ്വനാഥ ക്ഷേത്രം പുനസ്ഥാപിക്കുന്നതും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാം സേതു സർക്കാർ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും പിന്നീട് സേതുവിനെ ശ്രീലങ്കയിലെ അശോക് വതികയുമായി ബന്ധിപ്പിക്കുകയുമാണ് മറ്റു രണ്ട് ദൗത്യങ്ങള്‍.
ആരാധനാ സ്ഥലങ്ങളുടെ തല്‍സ്ഥിതി നിലനിർത്തണമെന്ന 1991ലെ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ച് സ്വാമി സുപ്രീം കോടതിയിൽ ഹരജി നല്‍കിയിരുന്നു. ഈ ഹരജിയില്‍ കേന്ദ്രത്തിന്‍റെ മറുപടി തേടിയിരിക്കയാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബോപണ്ണ, വി. രാമസുബ്രഹ്മണ്യനും എന്നിവരടങ്ങുന്ന ബെഞ്ച്.
വരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നാണെന്നും
എ.ഡി. 1194-ൽ ഖുത്ബുദ്ദീൻ ഐബക്കിന്‍റെ സൈന്യമാണ് ആദ്യമായി ഇത് നശിപ്പിച്ചതെന്നും സ്വാമി വാദിക്കുന്നു. എ.ഡി. 1669-ൽ ഔറംഗസീബ് ചക്രവർത്തി വീണ്ടും ക്ഷേത്രം നശിപ്പിക്കുകയും ഗ്യാൻവാപി പള്ളി പണിയുകയും ചെയ്തു. പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ അടിത്തറയിലും പള്ളിയുടെ പിൻഭാഗത്തും കാണാമെന്നും സ്വാമി അവകാശപ്പെടുന്നു.
ഭാഗികമായി പൊളിച്ചുമാറ്റിയ ക്ഷേത്രത്തിന് മുകളിലാണ് പള്ളി പണിതതെന്നും ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ഇന്നും നിലനിൽക്കുന്നുണ്ടെന്നും ഹരജിയില്‍ വാദമുന്നയിച്ചു.
മന്ദിർ-മസ്ജിദ് തർക്കം സിവിൽ കോടതിക്ക് വിധിക്കാനാവില്ലെന്നും നിയമവിരുദ്ധമാണെന്നും വാദിച്ച് 1998 ൽ അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കീഴ്ക്കോടതിയിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയായിരുന്നു.