Sorry, you need to enable JavaScript to visit this website.

സൗദിയിൽ പ്രവാസികളുടെ ജീവിതച്ചെലവ് ഉയരും

റിയാദ്- സൗദിയിൽ പ്രവാസികളുടെ നിത്യോപയോഗ ചെലവ് അടുത്ത മാസം മുതൽ കുതിച്ചുയരും. വൈദ്യുതി നിരക്കിൽ അടുത്ത മാസം മുതൽ വർധനവുണ്ടാകും. പെട്രോൾ വിലയും അധികം താമസിയാതെ ഉയർത്തും. 
ഊർജ ഉൽപന്നങ്ങൾക്കുള്ള സബ്‌സിഡികൾ പടിപടിയായി എടുത്തുകളയാൻ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് വൈദ്യുതി ബിൽ കൂടുക. മറ്റ് സബ്‌സിഡികളും ഉടൻ എടുത്തുകളയും.  സബ്‌സിഡികൾ എടുത്തുകളയുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തികഭാരം കുറക്കുന്നതിന് കുറഞ്ഞ വരുമാനക്കാരും ഇടത്തരം വരുമാനക്കാരുമായ സൗദി കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് ധനസഹായം വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഒരുക്കങ്ങളെല്ലാം സൗദി പൂർത്തിയാക്കി.  
സബ്‌സിഡി ഇനത്തിലുള്ള ധനസഹായം അർഹരായവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി ഡിസംബർ 21 മുതൽ വിതരണം ചെയ്തു തുടങ്ങും. സൗദി കുടുംബങ്ങളുടെ വരുമാനം, സാമൂഹിക സ്ഥിതി, കുടുംബാംഗങ്ങളുടെ എണ്ണം, പ്രായം എന്നിവയെല്ലാം പരിഗണിച്ചാണ് ഓരോ വിഭാഗത്തിനുമുള്ള സബ്‌സിഡി തുക നിർണയിക്കുക. സബ്‌സിഡി ഇനത്തിലുള്ള സഹായം വിതരണം ചെയ്ത് തുടങ്ങുന്നതിനു മുമ്പായി ഇതേ കുറിച്ച കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തും. അർഹരായവർക്കു മാത്രമായി സർക്കാർ സഹായങ്ങൾ പരിമിതപ്പെടുത്തുന്ന പദ്ധതിയാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതി. മുഴുവൻ സർക്കാർ സഹായങ്ങൾക്കുള്ള ഏകീകൃത പ്ലാറ്റ്‌ഫോം ആയി സിറ്റിസൺ അക്കൗണ്ട് പദ്ധതി മാറും.

പാവപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരക്കാർക്കും മേലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി, ഇന്ധന വിലകളിലുണ്ടാകുന്ന വർധനവിനും മൂല്യവർധിത നികുതി ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലയിലുണ്ടാക്കുന്ന വർധനവിനും അനുസൃതമായി അർഹരായവർക്ക് ധനസഹായം നൽകും. വിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമാണെന്ന് ഉറപ്പുവരുത്തുന്നതിന്, ഓരോ മൂന്നു മാസത്തിലും ധനസഹായ തുക പുനഃപരിശോധിക്കും. 
സൗദി പൗരന്മാർക്കു മാത്രമാണ് സിറ്റിസൺ അക്കൗണ്ട് പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അർഹതയുള്ളത്. സൗദി വനിതകൾക്ക് വിദേശ ഭർത്താക്കന്മാരിൽ പിറന്ന മക്കൾ, സൗദി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാർ, സൗദി പൗന്മാരുടെ വിദേശികളായ ഭാര്യമാർ എന്നിവർക്കും ധനസഹായ പദ്ധതി പ്രയോജനം ലഭിക്കും. 

സൗദിയിൽ പെട്രോൾ, ഡീസൽ നിരക്കുകൾ കൂട്ടും

 പുതിയ വൈദ്യുതി നിരക്കുകൾ

ഗാർഹിക ഉപഭോക്താക്കൾ
പ്രതിമാസം ആറായിരം യൂനിറ്റു വരെ ഓരോ യൂനിറ്റിനും 18 ഹലല ആറായിരം യൂനിറ്റിനു മുകളിലുള്ള ഓരോ യൂനിറ്റിനും 30 ഹലല വീതം നൽകേണ്ടിവരും. 

വാണിജ്യ ഉപഭോക്താക്കാൾ

ആറായിരം യൂനിറ്റു വരെ യൂനിറ്റിന് 20 ഹലലയും ആറായിരം യൂനിറ്റിൽ കൂടുതലുള്ള യൂനിറ്റിന് 30 ഹലലയുമായിരിക്കും പുതിയ നിരക്ക്. 

കാർഷിക മേഖലയും സന്നദ്ധ സംഘടനകളും

ആറായിരം യൂനിറ്റു വരെയുള്ള ഉപഭോഗത്തിന് യൂനിറ്റിന് 16 ഹലലയും അതിനു മുകളിലുള്ള ഉപഭോഗത്തിന് യൂനിറ്റിന് 20 ഹലലയുമാണ് നൽകേണ്ടത്. 

ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും

യൂനിറ്റിന് 21 ഹലല എന്ന ഒറ്റ നിരക്ക്.
 വ്യവസായ മേഖലക്ക് യൂനിറ്റിന് 18 ഹലലയും ഗവൺമെന്റ് വകുപ്പുകൾക്ക് യൂനിറ്റിന് 32 ഹലലയുമാണ് നിരക്ക്. 

 

 

Latest News