Sorry, you need to enable JavaScript to visit this website.

വീട്ടിലെ സന്ദര്‍ശകരെ കുറിച്ചും മറ്റും അച്ഛനോട് പറഞ്ഞു; യുവതി മകളെ ശ്വാസംമുട്ടിച്ച് കൊന്നു

ബെംഗളൂരു-  വീട്ടിലെത്തുന്ന സന്ദർശകരെ കുറിച്ചും ജോലിസ്ഥലത്ത് നടക്കുന്നതും മറ്റുള്ളവരോട് സംസാരിക്കുന്നതുമൊക്കെ അച്ഛനെ അറിയിക്കുന്ന മൂന്നര വയസ്സുകാരിയെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ബെംഗളൂരു അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിക്കുള്ളിലാണ് ഞെട്ടിക്കുന്ന സംഭവം.


മകള്‍ വിനുതയെ കൊലപ്പെടുത്തിയ കേസില്‍ സുധ (28) യെ അറസ്റ്റ് ചെയ്തു. മല്ലത്തഹള്ളി സ്വദേശി  വീരണ്ണയാണ് ഭര്‍ത്താവ്.  വേറെ ഭാര്യയും രണ്ട് കുട്ടികളുമുള്ള വീരണ്ണ കുടുംബ പ്രശ്‌നങ്ങള്‍ കാരണം ഭാര്യയുമായി  അകന്നു കഴിയുന്നതിനിടെ, നാല് വര്‍ഷം മുമ്പാണ് ടോള്‍ഗേറ്റില്‍ ജോലി ചെയ്തിരുന്ന സുധയെ പ്രണയിച്ച് വിവാഹം ചെയ്തത്. മല്ലത്തഹള്ളിയിലാണ് ദമ്പതികള്‍ താമസിച്ചിരുന്നത്.


വീരണ്ണ കൂലിപ്പണിക്കാാരനാണ്. ടൈല്‍സ് ഷോപ്പില്‍ പുതിയ ജോലി ലഭിച്ച സുധ ജോലിക്ക് പോകുമ്പോള്‍ മകളെ കൂടെ കൊണ്ടുപോകുമായിരുന്നു. അമ്മ എന്താണ് ചെയ്യുന്നതെന്നും ആരോടാണ് സംസാരിക്കുന്നതെന്നും പെണ്‍കുട്ടി  സൂക്ഷ്മമായി നിരീക്ഷിക്കാനും തുടര്‍ന്ന് എല്ലാം വിശദമായി പിതാവിനോട് പറയാനും തുടങ്ങി. 

വീട്ടിലെ സന്ദര്‍ശകരെക്കുറിച്ചും അവള്‍ അച്ഛനോട് പറഞ്ഞു. ഇക്കാരണത്താല്‍, ദമ്പതികള്‍ പല തവണ വഴക്കിട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ദമ്പതികള്‍ ടിവി പ്രോഗ്രാം കാണുന്നതിനെച്ചൊല്ലി തര്‍ക്കിക്കുകയും മകള്‍ പിതാവിന്റെ പക്ഷം പിടിക്കുകയും ചെയ്തു.

പ്രകോപിതയായ  സുധ ഗോബി മഞ്ചൂറിയന്‍  വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി മകളെ കൂട്ടിക്കൊണ്ടുപോയി     കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


കടയില്‍ ബില്‍ അടയ്ക്കുന്നതിനിടെ പെണ്‍കുട്ടിയെ കാണാതായെന്നാണ് യുവതി  ഭര്‍ത്താവിനെ വിശ്വസിപ്പിച്ചിരുന്നത്. കുട്ടിയെ കാണാനില്ലെന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.


നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സുധയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുകയായിരുന്നു. പ്രദേശത്തെ നാട്ടുകാരോടും കട ഉടമയോടും അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടിയെ ഗോബി മഞ്ചൂറിയന്‍ കടയിലേക്ക് കൊണ്ടുപോയിട്ടില്ലെന്ന് മനസ്സിലായി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച ഷാള്‍ കണ്ടെത്തുകയും ചെയ്തു. യുവതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

 

Latest News