ഹൈദരാബാദ്- തെലങ്കാന നിയമസഭയില്‍ അവശേഷിച്ച രണ്ട് തെലുഗു ദേശം പാര്‍ട്ടി (ടിഡിപി) എംഎല്‍എമാരും കൂറുമാറി ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യില്‍ ചേര്‍ന്നു. ടിഡിപി നിയമസഭാ പാര്‍ട്ടി ടിആര്‍എസില്‍ ലയിക്കുകയായിരുന്നു. മേച്ച നാഗേശ്വര റാവു, സാന്ദ്ര വെങ്കട വീരയ്യ എന്നിവരാണ് മറുകണ്ടം ചാടിയത്. ലയന അപേക്ഷ ഇവര്‍ സ്പീക്കര്‍ പൊച്ചറാം ശ്രീനിവാസ റെഡ്ഡിക്കു നല്‍കി. തൊട്ടുമുമ്പായി ഇരുവരും മുഖ്യമന്ത്രിയും ടിആര്‍എസ് മേധാവിയുമായ കെ ചന്ദ്രശേഖര റാവുവിനെ സന്ദര്‍ശിച്ചിരുന്നു.
ഇതോടെ 119 അംഗ നിയമസഭയില്‍ ടിആര്‍എസ് 101 അംഗങ്ങളുള്ള കക്ഷിയായി. അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസിന് ഏഴ്, കോണ്‍ഗ്രസ് 6, ബിജെപി 2 എന്നിങ്ങനെയാണ് മറ്റു കക്ഷി നില. 2018ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് 88 സീറ്റാണ് ലഭിച്ചിരുന്നത്. പിന്നീട് 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു. ഒരു ടിആര്‍എസ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുത്ത് ബിജെപി തങ്ങളുടെ സീറ്റ് നില രണ്ടാക്കി.