തലശ്ശേരി- പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ സംഘം ലഷ്യമിട്ടത് സഹോദരൻ മുഹ്സിനെയെന്ന് കസ്റ്റഡിയിലുള്ള സി.പി.എം പ്രവർത്തകന്‍ ഷിനോസ് പോലീസിന് മൊഴി നൽകി. മുഹ്സിനാണ് അയല്‍വാസിയായ ഷിനോസിനെ കീഴ്പ്പെടുത്തി പോലീസിൽ ഏല്‍പിച്ചത്.
പ്രദേശത്ത് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ തർക്കമുണ്ടായിരുന്നു. ബൂത്ത് ഏജന്‍റ് കൂടിയായ മുഹ്സിനെ തേടിയാണ് സി.പി.എം പ്രവർത്തകർ രാത്രി എട്ടുമണിയോടെ വീടിനടുത്തെത്തിയത്.
മുഹ്സിനെ ഭീഷണിപ്പെടുത്തുന്നത് കണ്ട് അനുജൻ മൻസൂർ ഓടിയെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും അക്രമികൾ വളഞ്ഞു. ഓടിരക്ഷപ്പെടുന്നതിനിടെ നടത്തിയ ബോംബേറിൽ മൻസൂറിനു പരിക്കേറ്റു. രക്തം വാർന്നാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിനു പിന്നാലെ കെ അക്രമസംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ ഇന്ന് സമാധാന യോഗം വിളിച്ചിട്ടുണ്ട്. രാവിലെ 11നാണ് ജില്ലാ കളക്ടറേറ്റില്‍ യോഗം. പ്രധാന രാഷ്ട്രിയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കന്മാര് യോഗത്തില്‍ പങ്കെടുക്കും.
മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ സിപിഎം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ അക്രമം നടന്നിരുന്നു. പെരിങ്ങത്തൂര്‍, പരിങ്ങളം, കൊച്ചിയങ്ങാടി, കടവത്തൂര്‍ എന്നീ സ്ഥലങ്ങളിലെ സിപിഎം ലോക്കല്‍ കമ്മിറ്റ് ഓഫീസ്, ബ്രാഞ്ച് കമ്മിറ്റി ഓഫീസ് എന്നിവയ്ക്കെല്ലാം തീയിട്ടു. കടകളും തകർക്കപ്പെട്ടു.
പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.