Sorry, you need to enable JavaScript to visit this website.

വിജയ് മല്യ: കേന്ദ്ര സർക്കാരിന്  സുപ്രീം കോടതിയുടെ രൂക്ഷ വിമർശം 

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ത്രേട്ട് കോടതിയിൽനിന്ന് പുറത്തേക്കിറങ്ങിയ വിജയ് മല്യ. 

ന്യൂദൽഹി-വിജയ് മല്യയും ലളിത് മോഡിയും അടക്കം വിദേശത്ത് കഴിയുന്ന കുറ്റവാളികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കാത്തതിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശം. 
സുപ്രീം കോടതിയിലെ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. 
സുപ്രീം കോടതി ഉത്തരവുകളെപ്പോലും നിങ്ങൾ മാനിക്കാത്തതെന്തുകൊണ്ടാണെന്നും ഇതെന്തൊരു സമീപനമാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അരുൺ മിശ്ര വിമർശിച്ചു. ഇന്ത്യയിൽ കുറ്റം ചെയ്ത് മറ്റൊരു രാജ്യത്തേക്ക് കടന്നുകളഞ്ഞ ആളെ തിരിച്ചുകൊണ്ടുവരാനാവശ്യമായ ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
ആരെല്ലാമോ ഓടിപ്പോകുന്നുവെന്നും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും എട്ട് മാസങ്ങളായി ഞങ്ങൾ ഈ കേസിൽ ഉത്തരവുകൾ പുറപ്പെടുവിച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ കേന്ദ്രം ഒന്നും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും അരുൺ മിശ്ര പറഞ്ഞു. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗിനോടും മുതിർന്ന അഭിഭാഷകയായ മോഹനയോടുമായിരുന്നു കോടതിയുടെ വിമർശനം.
ഈ കേസിൽ പലപ്പോഴും ഹാജരാകുന്നത് വ്യത്യസ്തരായ അഭിഭാഷകരാണെന്നും എന്നാൽ കേസിന്റെ കാര്യങ്ങളെക്കുറിച്ച് ഇവർക്ക് കൂടുതലൊന്നുമറിയുകയില്ലെന്നും ഈ സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ കോടതിയിൽ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
 

Latest News