മുംബൈ- രോഗികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ച് മന്ത്രി കരാറുകാരന്റെ മുഖത്തടിച്ചു. മഹാരാഷ്ട്ര അകോല സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് മെസ് കരാറുകാരനെ ജലവിഭവം, വനിത ശിശുക്ഷേമ തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ബച്ചു കടു തല്ലിയത്.
ഗുണനിലവാരമില്ലാത്ത ഭക്ഷണം ആശുപത്രിയില്‍ വിതരണം ചെയ്യുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നാണ് അകോല ആശുപത്രിയില്‍ മന്ത്രി അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയത്. പാചകക്കാര്‍, തൊഴിലാളികള്‍, എന്നിവരുമായി മന്ത്രി സംസാരിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ രോഗികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം മന്ത്രി പരിശോധിച്ചിരുന്നു.
പയര്‍ വര്‍ഗ്ഗങ്ങള്‍ അടക്കം രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണം തീര്‍ത്തും ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടതോടെ കുപിതനായ മന്ത്രി, കരാറുകാരനെ വിളിച്ചു വരുത്തി. 1,500 ല്‍ അധികം രോഗികളുള്ള ആശുപത്രിയില്‍ ദിവസവും എത്ര കിലോ പയര്‍ പാകം ചെയ്യുന്നുവെന്ന് മന്ത്രി ചോദിച്ചു. പ്രതിദിനം 10 കിലോഗ്രാം പയര്‍ പാചകം ചെയ്യുന്നുവെന്ന് കരാറുകാരന്‍ സാഹേബ്രാവു കുല്‍മെതെയും , 6 കിലോഗ്രാമെന്ന് പാചക തൊഴിലാളിയും മറുപടി നല്‍കി. ഇതു കേട്ട് ക്ഷുഭിതനായ മന്ത്രി സത്യം പറയണമെന്നാവശ്യപ്പെട്ട് കരാറുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ആശുപത്രിയിലെ ഭക്ഷണവിതരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സബ് ഡിവിഷണല്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബച്ചു കടു പറഞ്ഞു.