മോസ്‌കോ- 2036വരെ സ്ഥാനത്ത് തുടരുന്നതിനാവശ്യമായ ഭേദഗതിയില്‍ ഒപ്പുവച്ച് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്‍. 2024ല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറണമെന്ന ചട്ടം നിലനില്‍ക്കെയാണ് അധികാരത്തില്‍ തുടരാനുള്ള ഭേദഗതിയില്‍ പുട്ടിന്‍ ഒപ്പുവച്ചത്.
ഭേദഗതിയില്‍ ഒപ്പുവച്ചതോടെ 68 കാരനായ പുട്ടിന് 83 വയസ് വരെ അധികാരത്തില്‍ തുടരാനാകും. പുതിയ നിയമനിര്‍മ്മാണത്തില്‍ അദ്ദേഹത്തിന് പദവിയില്‍ തുടരാനുള്ള സാഹചര്യമൊരുക്കി. രണ്ട് തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുകയും ചെയ്യും.
ഭേദഗതിയില്‍ ഒപ്പുവച്ചതോടെ മുന്‍ നിയമങ്ങള്‍ പുട്ടിന് തടസമാകില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ (1922, 1953) സെക്രട്ടറി ജനറലും സോവിയറ്റ് യൂണിയന്‍ പ്രധാനമന്ത്രിയുമായിരുന്ന ജോസഫ് സ്റ്റാലിന് ശേഷം കൂടുതല്‍ കാലം അധികാരത്തില്‍ തുടരുന്ന നേതാവ് കൂടിയാകും പുട്ടിന്‍. മുന്‍ റഷ്യന്‍ ചാരനില്‍ നിന്ന് പ്രസിഡന്റ് പദവിയിലേക്കുള്ള പുട്ടിന്റെ യാത്ര തടസമില്ലാതെ തുടരുകയാണെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. പുട്ടിന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന നടപടിക്കെതിരെ രാജ്യത്ത് വിമര്‍ശനം ശക്തമാണ്. പുട്ടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നിക്ക് നേരെയുണ്ടായ വധശ്രമമാണ് പുട്ടിനെതിരെ വിമര്‍ശനം ശക്തമാക്കുന്നത്.