രാഹുലിന്റെ സ്ഥാനാരോഹണത്തിന് പിതാവിന്റെ അധികാരത്തിലേക്കുള്ള വരവുമായി ചെറിയ സാമ്യമെങ്കിലുമുണ്ട്. പിതാവ് രാജീവ് ഗാന്ധി പദവിയിലേക്കെത്തിയത് ഒരിക്കൽ പോലും അതിനായി ആഗ്രഹിക്കാതെയായിരുന്നു.
വിധി നിർണായകമായ മറ്റൊരു ദിവസമായിരുന്നു ഇന്നലെ ഇന്ത്യക്ക്. 47 വയസ്സുള്ള രാഹുൽ ഗാന്ധി ഇന്ത്യയുടെ സ്വാഭാവിക ഭരണ കക്ഷി എന്ന് ഇക്കാലത്തെങ്കിലും ആളുകൾ അടക്കം പറയുന്ന കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലെത്തിയ നാൾ. 71 വയസ്സുള്ള പ്രിയ മാതാവിൽ നിന്നാണ് ഈ മഹത്തായ പദവി ഈ യുവാവിൽ വന്നു ചേരുന്നത്. രാജ്യം ഭരിക്കുന്ന സംഘ്പരിവാറിനെതിരെ ഇന്ത്യയിലെവിടെയും ചെറുവിരലെങ്കിലും അനക്കാൻ കെൽപുള്ള പാർട്ടി ഇന്നും കോൺഗ്രസ് തന്നെ എന്ന യാഥാർഥ്യം ഇന്നെങ്കിലും എല്ലാവരും അംഗീകരിക്കുന്നുണ്ട്.
വലിയ പരീക്ഷണ ശാലയായ ഗുജറാത്തിൽ ജയിക്കുമെന്നൊന്നും ഉറപ്പില്ലെങ്കിലും പൊരുതി നോക്കാനെങ്കിലും സാധിക്കുന്നത് കോൺഗ്രസിന് മാത്രം. രാഹുലിന്റെ സ്ഥാനാരോഹണത്തിന് പിതാവിന്റെ അധികാരത്തിലേക്കുള്ള വരവുമായി ചെറിയ സാമ്യമെങ്കിലുമുണ്ട്. പിതാവ് രാജീവ് പദവിയിലേക്കെത്തിയത് ഒരിക്കൽ പോലും അതിനായി ആഗ്രഹിക്കാതെയായിരുന്നു.
പൂർണ മനസ്സോടെയല്ലാതെ നെഹ്‌റു കുടംബത്തിൽ നിന്ന് പ്രധാനമന്ത്രി പദവിയിലെത്തിയ ആദ്യ വ്യക്തി. വെടിയേറ്റ് മരിച്ച പ്രിയ മാതാവ് ഇന്ദിരാ ഗാന്ധിയുടെ ചിതയിൽ നിന്ന് വിറയാർന്ന കൈകൾ കൊണ്ട് അസ്ഥികൾ പെറുക്കിയെടുക്കുന്ന മകന്റെ ചിത്രം അന്നത്തെ കറുപ്പിലും വെളുപ്പിലുമുള്ള ടെലിവിഷൻ കാഴ്ചയിൽ ഒരു തലമുറയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. അന്നാരും അത്ര വലിയ പ്രതീക്ഷയൊന്നും രാജീവ് ഗാന്ധിയിൽ വെച്ചു പുലർത്തിയിരുന്നില്ല. ഇന്നത്തെപ്പോലെ എന്തിനെയും പരിഹസിക്കാൻ സാമൂഹ്യ മാധ്യമങ്ങൾ അന്നില്ലായിരുന്നുവെങ്കിലും മറ്റു വഴികളിലുള്ള പരിഹാസവും വിമർശവും ഒട്ടും കുറവായിരുന്നില്ല. പക്ഷേ പ്രതീക്ഷിക്കാത്തതൊക്കെ അദ്ദേഹത്തിൽ നിന്ന് ഇന്ത്യക്ക് കിട്ടി. തന്റെ പൂർവ്വികർ ഏൽപിച്ചു പോയ ഇന്ത്യയെ രാഹുലിന്റെ പിതാവ് പുതുക്കിപ്പണിതു.
ഇന്ത്യ ഗാന്ധിക്ക് ശേഷം എന്ന ഗ്രന്ഥത്തിൽ രാമാചന്ദ്ര ഗുഹ ഇങ്ങനെ എഴുതുന്നു: 2005 ൽ പ്രസിദ്ധം ചെയ്യപ്പെട്ട, ഏറെ വായനക്കാരെ ആകർഷിച്ച ഒരു ഗ്രന്ഥത്തിൽ ന്യൂയോർക്ക് ടൈംസ് പംക്തികാരൻ തോമസ് ഫ്രീഡമാൻ എഴുതി: 20 വർഷം മുമ്പ് ഇന്ത്യ പാമ്പാട്ടികളുടെയും ദരിദ്രരുടെയും മദർ തെരേസയുടെയും നാടായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് അതിന്റെ പ്രതിഛായ പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ അതിനെ കാണുന്നത് ബുദ്ധിയുള്ള ആളുകളുടെയും കംപ്യൂട്ടർ മാന്ത്രികരുടെയും രാജ്യമായിട്ടാണ്.
'ഹിന്ദി മിസ്‌കീൻ' എന്ന വിളി എത്രയോ തവണ കേട്ട പ്രവാസികൾക്ക് ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ കൂടുതൽ അഭിമാനപൂർവ്വം ഓർക്കാനാകും.
കോൺഗ്രസിന്റെ മഹത്തായ പാരമ്പര്യം അടുത്ത ദിവസം പ്രമുഖ പതത്തിൽ സോണിയ ഗാന്ധിയെക്കുറിച്ചെഴുതിയ ലേഖനത്തിൽ ശശി തരൂർ എം.പി അതിമനോഹരമായി വിവരിച്ചിട്ടുണ്ട്. അതിങ്ങനെ: അലൻ ഒക്ടോവിയൻ ഹ്യൂമെന്ന സ്‌കോട്ടിഷ് പൗരനാണ് 1885 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകനെന്നതാണ് രസകരമായ കാര്യം.
ആദ്യകാലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളായിരുന്നത് മക്കയിൽ ജനിച്ച മൗലാനാ അബുൽ കലാം ആസാദ്, ഐറിഷ് വനിതയായ ആനി ബസന്റ്, ഇംഗ്ലീഷുകാരായ വില്യം വെഡ്ഡർബേൺ, നെല്ലി സെൻഗുപ്ത എന്നിവരായിരുന്നു. കോൺഗ്രസ് പാർട്ടിയെ വിശാല വീക്ഷണമുള്ളതും വൈവിധ്യമുള്ളതുമായ ഇന്ത്യയുടെ ചെറുരൂപമായി കാണാനാഗ്രഹിച്ച കോൺഗ്രസിന്റെ എക്കാലത്തെയും മഹാനായ നേതാവ് മഹാത്മാ ഗാന്ധിയുടെ വീക്ഷണങ്ങളാണ് ഈ ദേശീയ വാദത്തിന് ഏറ്റവും വിരുദ്ധമായി ചൂണ്ടിക്കാട്ടാവുന്നത്.
ഇന്ത്യയുടെ ആത്മാവ് ഉൾക്കൊള്ളാൻ കഴിഞ്ഞ പാരമ്പര്യമുള്ള പാർട്ടിയുടെ, അതെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയുടെ നവകാലത്തിന്റെ കണ്ണിയായി നേതൃ പദവിയിലെത്തുന്ന രാഹുലിൽ ഇന്ത്യൻ ജനത വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്. ശശി തരൂർ പറഞ്ഞ ഘടകങ്ങളൊക്കെ ഭാഗികമായെങ്കിലും ഒത്തുവരുന്ന വ്യക്തിയാണ് രാഹുൽ. ~ലോകത്തിന് മുന്നിൽ അവതരിപ്പിക്കാവുന്ന പ്രസന്ന വ്യക്തിത്വം.
ഓർമയിൽ വാൽസല്യം, ചങ്കുറപ്പ്..മുത്തശ്ശി ഇന്ദിരാ ഗാന്ധിക്കൊപ്പം. രാഹുലിന്റെ കുട്ടിക്കാല ചിത്രം (ഫയൽ)
രാജീവിൽ കുഞ്ഞുന്നാളിൽ തന്നെ ഉന്നത സംസ്‌കാരവും ഉയർന്ന മൂല്യങ്ങളും ചേർത്തു വെക്കാൻ മുത്തശ്ശി ഇന്ദിരാ ഗാന്ധി ശ്രദ്ധിച്ചിരുന്നു. തീൻ മേശയിൽ പോലും മര്യാദ പഠിപ്പിച്ചു. ആനന്ദ് ഭവനിൽ പണ്ഡിറ്റ് മോത്തിലാൽ നെഹ്‌റുവിന്റെ കാലം മുതൽ നിലനിന്നു പോന്ന ഭക്ഷണം പാഴാക്കരുത് എന്ന പാഠം മുതൽ അത് തുടങ്ങുന്നു.
ചെറുപ്പം മുതൽ വായനയിൽ തൽപരനായ കുട്ടി. അക്കാലത്തെ ശ്രദ്ധേയ പ്രസിദ്ധീകരണങ്ങളായിരുന്ന ടൈമിനും ന്യൂസ് വീക്കിനും വേണ്ടി അനിയത്തി പ്രിയങ്കയുമായി പിടിവലി കൂടിയിരുന്ന വായന പ്രിയനായ കുട്ടി. ആങ്ങളയും പെങ്ങളും കൂടിയിരുന്ന് പത്രങ്ങൾ അരിച്ചു പെറുക്കിയ ബാല്യം. ഇതെല്ലാമുള്ള 47 കാരന് ഇന്ത്യയെയും ഇന്ത്യക്കാരെയും അറിയില്ലെന്നതൊക്കെ ഏതൊക്കെയോ രാഷ്ട്രീയ ഇരുട്ടിൽ നിന്നിറങ്ങി വന്നവരുടെ ബോധപൂർവ്വമായ രാഷ്ട്രീയ പ്രചാരണമായിരുന്നു.
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിന്റെ ശരാശരി പ്രായം എഴുപതുകളുടെ പകുതിയാണ്. അവിടേക്കാണിന്നലെ തന്റെ ഊർജസ്വലമായ ചെറുപ്പവുമായി രാഹുൽ എത്തിയിരിക്കുന്നത്. ജനസംഖ്യയിൽ എഴുപത് ശതമാനത്തിലധികം വരുന്ന ഇന്ത്യൻ യുവത്വത്തിന്റെ മനസ്സറിയാൻ സാധിക്കുന്ന നേതൃത്വം. അവരുടേതല്ലാത്ത കാരണത്താൽ വയസ്സായിപ്പോയ നേതാക്കൾക്ക് സാധിക്കാത്തത് രാഹുലിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ആ പ്രതീക്ഷ നിറവേറ്റാൻ സാധിക്കുമെന്ന് തന്നെയാണ് ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ച് ശുഭാപ്തിയുള്ള മനസ്സുകളെല്ലാം ഒരേ താളത്തിൽ പക്ഷം ചേരുന്നത്.
രാഹുലിന്റെ വിജയം ഇക്കാലത്ത് രാഹുലിന്റെയോ, അദ്ദേഹത്തിന്റെ പാർട്ടിയുടെയോ മാത്രം ആവശ്യമല്ല. ഇന്ത്യൻ ഭരണഘടന നിലനിൽക്കണമെന്നാഗ്രഹിക്കുന്ന, ഇനിയുമിനിയും പൊതു തെരഞ്ഞെടുപ്പുകൾ നടക്കണമെന്നാഗ്രഹിക്കുന്ന സർവ്വോപരി ഇന്ത്യ എന്ന സംസ്‌കൃതി നിലനിൽക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരുടെയും തേട്ടമാണ്.