കോഴിക്കാട്- ജനാധിപത്യ പോരാട്ടങ്ങൾ നടത്തേണ്ടത് അക്രമരാഷ്ട്രീയത്തിലൂടെയല്ലന്ന് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ. പിഅബൂബക്കർ മുസ്്ലിയാർ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പുല്ലൂക്കരയിൽ നടന്ന മൻസൂറിന്റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ നാണം കെടുത്തുന്നതായിപ്പോയി ഈ കൊലപാതകം. മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാൻ ആർക്കും അധികാരമില്ല. നാം മലയാളികൾ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഈ കൊലപാതക രാഷ്ട്രീയം. ഇത് അംഗീകരിക്കാൻ കഴിയാത്ത സംസ്കാരമാണ്. തെരഞ്ഞെടുപ്പുകൾ വന്നുപോകും. പക്ഷേ ആ കുടുംബത്തിന്റെ നഷ്ടം ആർക്കാണ് നികത്താൻ കഴിയുക. ഈ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ കൊടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.