Sorry, you need to enable JavaScript to visit this website.

ലീഗ് പ്രവർത്തകന്റെ അരുംകൊല: 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' ജയരാജന്റെ മകന്റെ വിവാദ പോസ്റ്റ്

കൂത്തുപറമ്പ്- വോട്ടെടുപ്പ് കഴിഞ്ഞു മണിക്കൂറുകൾക്കകം മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ അരുംകൊലക്കു പിന്നാലെ സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകൻ ജയിൻ രാജ് ഇട്ട ഫേസ്ബുക്ക് കുറിപ്പ് വിവാദത്തിൽ. ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ഒറ്റവരി കുറിപ്പിനെതിരെയാണ് പ്രതിഷേധമുയരുന്നത്. 'ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി' എന്ന് പോസ്റ്റിൽ പറയുന്നു. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചു സൈബർ സഖാക്കളും ഉണ്ട്. കൂത്തുപറമ്പിലേത് ആസൂത്രിത കൊലപാതകമാണെന്നതിന്റെ തെളിവാണ് ജയിൻ രാജിന്റെ ഫേസ് ബുക്ക് കുറിപ്പെന്നാണ് ആരോപണം. മുമ്പ് ബോംബ് നിർമാണവുമായി ബന്ധപ്പെട്ടു ജയിൻ രാജിന്റെ പേര് വിവാദത്തിലായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ കൊലകളെ ന്യായീകരിച്ചും എതിരാളികളെ ഭീഷണിപ്പെടുത്തിയും വാർത്തകളിലിടം നേടിയിട്ടുള്ള ആളാണ് ജയരാജന്റെ മകൻ.20തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നാണ് മൻസൂറിന്റെ സഹോദരൻ പറഞ്ഞത്. ആക്രമണത്തിൽ മുഹ്‌സിനും പരിക്കേറ്റിരുന്നു. തന്നെയാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നും പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്നും മുഹ്‌സിൻ പറഞ്ഞു. തന്നെ ആക്രമിക്കുന്നത് കണ്ടതിന് ശേഷമാണ് സഹോദരൻ മൻസൂർ ഓടിയെത്തിയത്. തുടർന്ന് മൻസൂറിനെയും ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കണ്ണൂരിൽ സഹോദരങ്ങളായ ലീഗ് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ പരുക്കേറ്റ മൻസൂറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു. പത്തിലധികം പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷണർ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസിയും സിപിഎം പ്രവർത്തകനുമായ ഷിനോസിനെ  പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും കമ്മീഷണർ ഇളങ്കോ അറിയിച്ചു.


 

Latest News