ന്യൂദല്‍ഹി- ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ റെക്കോർഡ് വർധന. രാജ്യത്ത് 24 മണിക്കൂറിനിടെ 1,15,736 പുതിയ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 1,28,01,785 ആയി ഉയർന്നു.
മൂന്ന് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഒരു ലക്ഷം കേസുകള്‍ കടക്കുന്നത്. തിങ്കളാഴ്ചയാണ് റെക്കോർഡ് പ്രതിദിന നിരക്കായ 1,03,558 രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
630 പുതിയ മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 1,66,177 ആയി ഉയർന്നു.
തുടർച്ചയായ 28-ാം ദിവസവും കോവിഡ് കേസുകള്‍ വർധിച്ചിരിക്കയാണ്. ആക്ടീവ് കേസുകൾ 8,43,473 ആയി ഉയർന്നു. മൊത്തം അണുബാധയുടെ 6.59 ശതമാനമാണിത്. രോഗമുക്തി നിരക്ക് 92.11 ശതമാനമായി കുറയുകയും ചെയ്തു.
ഇതുവരെ 1,17,92,135 പേരാണ് രോഗമുക്തി നേടിയത്. മരണനിരക്ക് 1.30 ശതമാനമായി കുറഞ്ഞു.
ഏപ്രിൽ 6 വരെ 25,14,39,598 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.12,08,329 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്.
രാജ്യത്തുടനീളം 8,70,77,474 പേർക്ക് ഇതുവരെ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.