തിരുപ്പൂർ- ഉദുമൽപെട്ടയിൽ ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറുപേർക്ക് വധശിക്ഷ. യുവാവിന്റെ ഭാര്യയുടെ പിതാവ് അടക്കം ആറുപേർക്കാണ് വധശക്ഷ. തിരൂപ്പൂർ കോടതിയാണ് ശിക്ഷ വിധിച്ചത്. ശങ്കർ എന്ന യുവാവിനെയാണ് യുവതിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നത്. തേവർ സമുദായത്തിലെ കൗസല്യ എന്ന യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതിനാണ് ദുരഭിമാനകൊല നടത്തിയത്. ഉദുമൽപ്പേട്ട നഗരമധ്യത്തിൽ വെച്ചാണ് ശങ്കറിനെ കൊലപ്പെടുത്തിയത്. തേവർ സമുദായ അംഗമായ കൗസല്യയെ അരുന്ധതിയാർ വിഭാഗത്തിലെ ശങ്കർ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ വിവാഹം ചെയ്യുകയായിരുന്നു. ശങ്കറിനെ വിവാഹം ചെയ്തത് അറിഞ്ഞതിനെ തുടർന്ന് കൗസല്യയെ വീട്ടുകാർ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. എന്നാൽ പിന്നീട് അവിടെനിന്ന് രക്ഷപ്പെട്ട കൗസല്യ ശങ്കറിന്റെ വീട്ടിലെത്തുകയും അവിടെ താമസം ആരംഭിക്കുകയും ചെയ്തു. ഇതാണ് ദാരുണമായ കൊലയിലേക്ക് നയിച്ചത്.