തിരുവന്തപുരം- ഗവൺമെന്റ് മെഡിക്കൽ കോളെജിലെ വിദ്യാർത്ഥികളെ ലിംഗാടിസ്ഥാനത്തിൽ വേർത്തിരിച്ച അധികൃതരുടെ നടപടി ചോദ്യം ചെയ്ത വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ ഭീഷണി. ആൺകുട്ടികളും പെൺകുട്ടികളും ക്ലാസിൽ ഒന്നിച്ചിരിക്കുന്നത് വിലക്കിയ ചില അധ്യാപകരുടെ നടപടിയെ ചോദ്യം ചെയ്തവർക്കാണ് ഭീഷണി. കോളെജിലെ ഒരു പി ജി വിദ്യാർത്ഥി ഈ ലിംഗ അസമത്വം ചോദ്യം ചെയ്ത് വിമർശനാത്മകമായി നിരവധി കുറിപ്പുകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റുകൾക്ക് ലൈക്കടിച്ച് അഞ്ചാം വർഷം എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് അധ്യാപകർ തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണം ഉന്നയിച്ചത്. കേരളത്തിലെ മിക്ക സർക്കാർ മെഡിക്കൽ കോളെജുകളിലും ഇല്ലാത്ത രീതിയാണിതെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ ഈ വിവേചനത്തെ എതിർത്തിട്ടുണ്ട്.
ലിംഗ സമത്വം സംബന്ധിച്ച കോളെജ് യൂണിയൻ പ്രത്യേക ക്ലാസ് സംഘടിപ്പിച്ചതിനെ തുടർന്നാണ് വിവാദങ്ങളുടെ തുടക്കം. ഈ ക്ലാസിനു ശേഷം ക്ലാസുകളിൽ ആൺ പെൺ വ്യത്യാസമില്ലാതെ കലർന്നിരിക്കാൻ ചില വിദ്യാർത്ഥികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇത് അച്ചടക്കത്തെ ബാധിക്കുമെന്നും 'അനിഷ്ട സംഭവങ്ങളിലേക്ക്' നയിക്കുമെന്നും ചൂണ്ടിക്കാട്ടി അധികൃതർ വിലക്കാൻ ശ്രമിച്ചു. കോളെജ് അധികൃതരുടെ ഈ സമീപനത്തെ ചോദ്യം ചെയ്താണ് ഫോറൻസിക് സയൻസ് വിഭാഗത്തിലെ ഒരു പി.ജി വിദ്യാർത്ഥി ഫേസ്ബുക്കിൽ കുറിപ്പുകളിട്ടത്.
ഒരു വിഭാഗം അധ്യാപകർ ഈ പോസ്റ്റുകളുടെ പ്രിന്റെടുത്ത് ലൈക്കടിച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ച് ഭീഷണിപ്പെടുത്തുകയും ലൈക്ക് പിൻവലിപ്പിക്കുകയും ചെയ്തു. ചിലർ പോസ്റ്റ് എഴുതിയ പിജി വിദ്യാർത്ഥിയെ അൺഫ്രണ്ട് ചെയ്യുകയും ചെയ്തു. അതേസമയം അഞ്ചാം വർഷ വിദ്യാർത്ഥികൾ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ രക്ഷിതാക്കളുടെ യോഗം വിളിക്കാൻ അധികൃതർ തീരുമാനിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പ്രിന്റെടുത്ത് ഈ യോഗത്തിൽ രക്ഷിതാക്കൾക്കു നൽകുകയും ചെയ്തു. ഈ പോസ്റ്റിന് ലൈക്കടിച്ച് പെൺകുട്ടികളുടെ പേരുകൾ വ്യക്തമാകുന്ന തരത്തിലാണ് പ്രിന്റെടുത്തിരുന്നത്. പല രക്ഷിതാക്കളും ഇവരെ പുറത്താക്കണമെന്ന് വാദിച്ചതായും യോഗത്തിൽ പങ്കെടുത്ത ഒരു അമ്മ കരഞ്ഞു കൊണ്ടാണ് മടങ്ങിയതെന്നും ഡെക്കാൻ ക്രോണിക്ക്ൾ റിപ്പോർട്ട് ചെയ്യുന്നു.