കണ്ണൂര്‍ - വ്യക്തിഹത്യ നടത്തുന്ന നിലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വി.ഭാഗ്യവതിയാണ് പരാതി നല്‍കിയത്.
തന്റെ മക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന നിലയില്‍ അപവാദ പ്രചാരണം നടത്തുകയാണെന്നും, തനിക്ക് മറുപടി പറയാന്‍ പോലും പറ്റാത്ത നിലയിലാണ് ഈ പ്രചാരണം നടത്തിയതെന്നും, ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതിക്കാരിക്കെതിരെ, ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ അഭിഭാഷകന്റെ പേരിലാണ് മാന്യതയുടെ സകല സീമകളും ലംഘിക്കുന്ന വിധത്തില്‍ പ്രചാരണം നടക്കുന്നത്. നൂറു കണക്കിന് ഗ്രൂപ്പുകളില്‍ ഇത് പ്രചരിക്കുന്നുണ്ട്.