സൂറത്ത്- രഞ്ജി ട്രോഫി ക്വാർട്ടറിൽ അവസാന ദിവസം ബാറ്റിംഗ് തകർച്ച നേരിട്ട കേരളത്തിന് വമ്പൻ തോൽവി. 412 റൺസ് ജയവുമായി വിദർഭ സെമി ഫൈനലിൽ കടന്നു.
ജയിക്കാൻ രണ്ടാമിന്നിംഗ്‌സിൽ 578 റൺസെന്ന അപ്രാപ്യ ലക്ഷ്യം നേരിടേണ്ടിവന്ന കേരളം വെറും 165 റൺസിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സർവാതെയാണ് കേരളത്തെ ചുരുട്ടിക്കൂട്ടിയത്. രജനീഷ് ഗുർബാനി രണ്ട് വിക്കറ്റെടുത്തു.
64 റൺസെടുത്ത സൽമാൻ നിസാർ ഒഴികെ കേരള നിരയിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ 28 റൺസെടുത്തു. ക്യാപ്റ്റൻ സച്ചിൻ ബേബി 26നും, സഞ്ജു സാംസൺ 18നും പുറത്തായി. ഓപ്പണർ ജലജ് സക്‌സേന അടക്കം മൂന്ന് കേരള ബാറ്റ്‌സ്മാന്മാർ റണ്ണൊന്നുമെടുക്കാതെയാണ് പുറത്തായത്.
അഞ്ചാം ദിവസം രാവിലെ ആറ് വിക്കറ്റിന് 431 എന്ന നിലയിൽ രണ്ടാമിന്നിംഗ്‌സ് പുനാരാരംഭിച്ച വിദർഭ സ്‌കോർ ഒമ്പതിന് 507 ലെത്തിയപ്പോൾ ഡിക്ലയർ ചെയ്യുകയായിരുന്നു. അക്ഷയ് വാഡ്കർ 67 റൺസുമായി പുറത്താകാതെ നിന്നു. തുടർന്ന് ബാറ്റിംഗ് ആരംഭിച്ച കേരളം സമനില പിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വെറും 52.2 ഓവറിലാണ് കേരളം ഓളൗട്ടായത്. ഒന്നാമിന്നിംഗ്‌സിൽ ലീഡ് വഴങ്ങിയപ്പോൾ തന്നെ കേരളത്തിന്റെ പ്രതീക്ഷകൾ മങ്ങിയിരുന്നു.
മധ്യപ്രദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ദൽഹിയും, ഗുജറാത്തിനെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡിന്റെ മികവിൽ ബംഗാളും സെമിയിൽ കടന്നു. ജയിക്കാൻ രണ്ടാമിന്നിംഗ്‌സിൽ 217 റൺസ് വേണ്ടിയിരുന്ന ദൽഹി ഇന്നലെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കടന്നു. 95 റൺസെടുത്ത ഗൗതം ഗംഭീറാണ് ദൽഹിയെ ജയത്തിലേക്ക് നയിച്ചത്. കുനാൽ ചന്ദേല 57 റൺസെടുത്തപ്പോൾ, ധ്രുവ് ഷോറി 46 ഉമായി പുറത്താകാതെ നിന്നു.
ഋട്ടിക് ചാറ്റർജിക്കും (216), അഭിമന്യു ഈശ്വരനും (114), പിന്നാലെ അനുസ്തുപ് മജുംദാറും (132) മൂന്നക്കം കണ്ടതോടെ രണ്ടാമിന്നിംഗ്‌സിൽ ബംഗാൾ ആറ് വിക്കറ്റിന് 695 റൺസെന്ന കൂറ്റൻ സ്‌കോർ നേടിയതോടെയാണ് ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിക്കുന്നത്. ഒന്നാമിന്നിംഗ്‌സിൽ 130 റൺസിന്റെ ലീഡ് നേടിയ ബംഗാൾ രണ്ടാമിന്നിംഗസ് ബാറ്റിംഗ് റിക്കാർഡുകൾക്കുവേണ്ടിയാണ് ഉപയോഗപ്പെടുത്തിയത്. മുംബൈക്കെതിരെ നാലാം ദിവസം തന്നെ ഇന്നിംഗ്‌സ് വിജയം നേടിയ കർണാടക സെമി ഉറപ്പാക്കിയിരുന്നു.