- വിവാഹം നടന്നത് ഇറ്റലിയിലെ ആഡംബര റിസോർട്ടിൽ
മിലാൻ- മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി, കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയെ വിവാഹം ചെയ്തു.
ഇന്നലെ രാവിലെ ഇറ്റലിയിലെ ടസ്‌കനിക്കു സമീപമുള്ള ആഡംബര ഹെറിറ്റേജ് റിസോർട്ടായ ബോർഗോ ഫിനോച്ചിയേറ്റോയിലായിരുന്നു പരമ്പരാഗത പഞ്ചാബി ശൈലിയിലുള്ള വിവാഹ ചടങ്ങുകൾ. വൈകുന്നേരത്തോടെ തന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിവാഹത്തിന്റെ ചിത്രങ്ങൾ കോഹ്‌ലി പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇനിയെന്നും ഞങ്ങൾ പ്രണയത്താൽ ഒന്നായിരിക്കുമെന്ന് പരസ്പരം വാഗ്ദാനം ചെയ്തതായി കോഹ്‌ലി കുറിച്ചു. 'ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഞങ്ങൾ തീർച്ചയായും അനുഗൃഹീതരാണ്. കുടുംബാംഗങ്ങളുടെയും ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണയോടെ ഈ സുന്ദര ദിനം കൂടുതൽ പ്രത്യേകതയുള്ളതായി. ജീവിതയാത്രയിൽ സുപ്രധാന വേളയിൽ ഒപ്പം നിന്നതിന് നന്ദി' എന്നാണ് ട്വീറ്റ്. ഇത് അനുഷ്‌ക പിന്നീട് റീട്വീറ്റ് ചെയ്തു.
രണ്ട് ചിത്രങ്ങളാണ് കോഹ്‌ലി പുറത്തുവിട്ടത്. ബന്ധുക്കൾ എടുത്തുയർത്തിയ കോഹ്‌ലിയുടെ കഴുത്തിൽ അനുഷ്‌ക പൂമാല ഇടാൻ പോകുന്നതാണ് ഒന്ന്. വധൂവരന്മാർ വിവാഹത്തിനായി ഇരിക്കുന്നതാണ് മറ്റൊന്ന്. പഞ്ചാബി വധൂവരന്മാരുടെ പരമ്പരാഗത വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളു. ഒരാഴ്ച മുമ്പുതന്നെ കോഹ്‌ലിയും അനുഷ്‌കയും കുടുംബാംഗങ്ങളും വിവാഹത്തിനായി ഇറ്റലിയിലേക്ക് പുറപ്പെട്ടിരുന്നു. ബോളിവുഡിൽനിന്ന് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ക്രിക്കറ്റിൽനിന്ന് സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിംഗ് എന്നിവരാണ് ക്ഷണമുണ്ടായിരുന്ന പ്രമുഖർ. വിവാഹത്തോടനുബന്ധിച്ച് ഈ മാസം 26ന് മുംബൈയിൽ വിപുലമായ റിസപ്ഷൻ സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിൽനിന്ന് കോഹ്‌ലി ഒഴിവായപ്പോൾതന്നെ ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്ന് അഭ്യൂഹം പരന്നിരുന്നു. വിവാഹം ഇന്നാണെന്നും ഇതിനായി ടസ്‌കനിയിലെ ആഡംബര റിസോർട്ട് ബുക്ക് ചെയ്തതായും ദേശീയ മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ ചെലവേറിയ അവധിക്കാല വിനോദ കേന്ദ്രമാണ് ടസ്‌കനി.
നാല് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് 29 കാരായ കോഹ്‌ലിയും അനുഷ്‌കയും വിവാഹിതരാവുന്നത്. 2013 ൽ ഒരു ഷാംപൂവിന്റെ പരസ്യത്തിൽ ഒരുമിച്ച് അഭിനയിച്ചതു മുതലാണ് ഇരുവരും അടുപ്പത്തിലാവുന്നത്.
ഇന്ത്യയിൽ ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾ തമ്മിലുള്ള വിവാഹം പുതുമയല്ല. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മൻസൂർ അലി ഖാൻ പട്ടൗഡിയും ഷർമിള ടാഗോറുമായിരുന്നു ഒരു കാലത്ത് പ്രശസ്തരായ ക്രിക്കറ്റ്-ബോളിവുഡ് ദമ്പതികൾ. പെയ്‌സ് ബൗളർ സഹീർ ഖാനും സാഗരിക ഘട്‌ഗെയും വിവാഹിതരായത് ഈയിടെയാണ്.