Sorry, you need to enable JavaScript to visit this website.

ആദ്യ തെരഞ്ഞെടുപ്പിൽ പെട്ടിയിൽ സ്ഥാനാർഥിയുടെ ചിത്രം; തെരഞ്ഞെടുപ്പ് ചരിത്രം പറയുന്ന വെബ്‌സൈറ്റ് ശ്രദ്ധേയമാകുന്നു 

തിരുവനന്തപുരം - മുതിർന്ന മാധ്യമ പ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണന്റെ ഡച്ച് ഇൻ കേരളയെന്ന വൈബ്‌സൈറ്റ് www.dutchin kerala.com തെരഞ്ഞെടുപ്പ് ചരിത്രരേഖകൾ കൊണ്ട് ശ്രദ്ധ നേടുന്നു. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ തെരഞ്ഞെടുപ്പ് വിശേഷങ്ങളാണ് ഈ വെബ്‌സൈറ്റിൽ ഉള്ളത്. പതിറ്റാണ്ടുകളുടെ പത്രപ്രവർത്തന അനുഭവങ്ങളിലൂടെ ശേഖരിച്ച അപൂർവ ഫോട്ടോകളും ചേർത്തിട്ടുണ്ട്. ചരിത്രത്തെക്കുറിച്ച് ഓർമപ്പെടുത്തുന്ന ഈ വെബ്‌സൈറ്റ് പുതുതലമുറക്ക് വലിയൊരു സഹായിയാണ്. പ്രത്യേകിച്ചും ചരിത്രത്തിൽനിന്ന് പുതുതലമുറ അകന്നുപോയ്‌ക്കൊണ്ടിരിക്കുന്നുവെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ. ചരിത്രവും വസ്തുതയും ഇടകലർത്തിയുള്ള ലളിതമായ എഴുത്ത് ആകർഷകമാണ്. 1956 നവംബർ ഒന്നിന് മലായാളികളുടെ സ്വപ്‌നമായ ഐക്യകേരളം നിലവിൽ വന്നു. തെക്കൻ കാനറയിലെ കാസർകോടും മലബാറും തിരു-കൊച്ചിയോട് ചേർത്തും തിരു-കൊച്ചിയുടെ തെക്കൻ താലൂക്കുകളായ അഗസ്തീശ്വരം, വിളവൻകോട്, കൽക്കുളം, തോവാള എന്നീ പ്രദേശങ്ങളും ചെങ്കോട്ടയുടെ ഒരു ഭാഗവും മദ്രാസിന് വിട്ടുകൊടുത്തുകൊണ്ടായിരുന്നു കേരള സംസ്ഥാന രൂപീകരണം. 


പി.എസ് റാവു ആയിരുന്നു കേരളത്തിലെ ആദ്യത്തെ ആക്ടിംഗ് ഗവർണർ. അതിനു ശേഷം എത്തിയ ഗവർണർ ബി. രാമകൃഷ്ണറാവുവിന്റെ നേതൃത്വത്തിൽ നടന്ന കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (സി.പി.ഐ) യുടെ നേതൃത്വത്തിലൾ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ഇന്ത്യയിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് മന്ത്രിസഭാ അധികാരത്തിൽ വന്നു. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒന്നിച്ചായിരുന്നു 1957 ലെ തെരഞ്ഞെടുപ്പ് നടന്നത്
തെരഞ്ഞെടുപ്പ് തിയതി-1957 ഫെബ്രുവരി 28  മുതൽ മാർച്ച് പതിനൊന്ന് വരെയാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഒറ്റ ദിവസം കൊണ്ടല്ല വോട്ടെണ്ണൽ നടന്നിരുന്നത്. ഓരോയിടത്തും തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ തന്നെ നേരത്തെ നടന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരുന്നു. ആദ്യ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ അടയാളമുള്ള പെട്ടികളാണ് ഉണ്ടായിരുന്നത്. വോട്ടർമാർ ബാലറ്റ് പേപ്പർ അവർക്ക് ഇഷ്ടമുള്ള പെട്ടിയിലാണ് നിക്ഷേപിച്ചിരുന്നത്. 1957 ലെ തെരഞ്ഞെടുപ്പിന് കേരളത്തിൽ 126 നിയമസഭാ മണ്ഡലങ്ങളും 16 പാർലമെൻറ് മണ്ഡലങ്ങളുമാണ് ഉണ്ടായിരുന്നത്. നിയമസഭാ മണ്ഡലങ്ങളിൽ 102 ഏകാംഗ മണ്ഡലങ്ങളും 12 ദ്വയാംഗ മണ്ഡലങ്ങളും അയിരുന്നു. 12 ദ്വയാംഗ മണ്ഡലങ്ങളിൽ 11 സീറ്റ് പട്ടികജാതിക്കും ഒരു സീറ്റ് പട്ടികവർഗത്തിനും സംവരണം ചെയ്തിരുന്നു. 


ആദ്യകാലത്ത് മൃഗങ്ങളേയും ചിഹ്നമായി അംഗീകരിച്ചിരുന്നു. പിന്നീടാണ് മൃഗങ്ങളെ ചിഹ്നത്തിൽ നിന്നും മാറ്റിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കാളയും കലപ്പയും, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അരിവാൾ നെൽകതിർ, പ്രജാസോഷ്യലിസ്റ്റ് പാർടിക്ക് കുടിൽ, റവലൂഷ്ണറി സോഷ്യലിസ്റ്റ് പാർട്ടിക്ക് മൺവെട്ടിയും മൺകോരിയും ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പിലെ അടയാളങ്ങൾ. ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് സി.പി.ഐ പിളർന്നിരുന്നില്ല. ആദ്യ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രജിസ്റ്റേർഡ് പാർട്ടി ആയിരുന്നില്ല. അതിനാൽ അവരെ സ്വതന്ത്ര സ്ഥാനാർഥികളായിട്ടാണ് ഉൾപ്പെടുത്തിയിരുന്നത് തുടങ്ങി 1957 ലെ തെരഞ്ഞെടുപ്പ് ചരിത്രം ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കൗതുകമായി അനുഭവപ്പെടും.

 

 

Latest News