ഇസ്ലാമാബാദ്- അശ്ലീലതയുടെ വ്യാപനമാണ് രാജ്യത്ത് ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും വർധിക്കാന്‍ കാരണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.
പൊതുജനങ്ങളുമായി ടെലിഫോണില്‍ നടത്തിയ ആശയവിനിമയത്തിനിടെ ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഇംറാന്‍ഖാന്‍ ഇക്കാര്യം പറഞ്ഞത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന പർദ ധരിക്കണമെന്ന് ഇസ്ലാം ആഹ്വാനം ചെയ്തതിന് അതിന്‍റേതായ ഉദ്ദേശ്യമുണ്ടെന്നും പ്രലോഭനവും വശീകരണവും അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കെതിരെയടക്കം വർദ്ധിച്ചുവരുന്ന ബലാത്സംഗ, ലൈംഗിക അതിക്രമങ്ങളുടെ വെളിച്ചത്തിൽ, സർക്കാർ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നായിരുന്നു ചോദ്യം. ചില കാര്യങ്ങളില്‍ സർക്കാരുകൾക്കും നിയമനിർമ്മാണത്തിനും മാത്രം വിജയിക്കാൻ കഴിയില്ലെന്നും സമൂഹം കൂടി പോരാട്ടത്തിൽ പങ്കുചേരണമെന്നും പ്രധാനമന്ത്രി മറുപടി നല്‍കി. അശ്ലീലത യിൽ നിന്ന് സമൂഹം സ്വയം പരിരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹത്തിലെ അശ്ലീലത കാരണം വിവാഹമോചന നിരക്ക് 70 ശതമാനത്തോളം ഉയർന്നതായി അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിലെ പർദ എന്ന ആശയത്തിന് പ്രലോഭനങ്ങൾ തടയുക എന്ന ലക്ഷ്യമാണുള്ളത്.
തങ്ങളുടെ ശരീരേച്ഛയെ നിയന്ത്രിക്കാൻ കഴിയാത്ത നിരവധി ആളുകൾ സമൂഹത്തിലുണ്ടെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു.