പാലക്കാട്- പൈപ്പിൽ കുടിവെള്ളമില്ലെന്ന് തൃത്താല മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി എം.ബി രാജേഷ്. പൈപ്പിൽ വെള്ളമില്ലെന്ന് സ്ഥാപിക്കാൻ ടാപ്പ് തുറന്ന് കാണിക്കുകയും ചെയ്തു. അധികം വൈകാതെ ഇതേ സ്ഥലത്തെത്തി പൈപ്പ് നിൽക്കുന്ന ഇടത്തെ വീട്ടിലെ സ്ത്രീയെ കൊണ്ട് പൈപ്പ് തുറന്നു വെള്ളമുള്ളത് കാണിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ബൽറാമും. രാജേഷ് വ്യാജ വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലെ പ്രചാരണം കനത്തു.
കഴിഞ്ഞ ദിവസമാണ് തൃത്താല മണ്ഡലത്തിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്ത് കുടിവെള്ളമില്ലെന്ന് പ്രചരിപ്പിച്ച് രാജേഷ് രംഗത്തെത്തിയത്. വീഡിയോ എൽ.ഡി.എഫ് കേന്ദ്രങ്ങൾ ഏറ്റെടുത്തതോടെ ബൽറാം തന്നെ നേരിട്ട് സ്ഥലത്തെത്തി. ഇവിടെ താമസിക്കുന്ന പാത്തുമ്മ എന്നയാളെ കൊണ്ട് പൈപ്പ് തുറപ്പിച്ചു. പൈപ്പിൽനിന്നുള്ള വെള്ളം ബൽറാം കുടിക്കുകയും ചെയ്തു. ഇതോടെ രാജേഷ് പ്രതിരോധത്തിലായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ കിണറ്റിലിറങ്ങി വെളളം പരിശോധിച്ചത് വിവാദമായിരുന്നു. സമാനമായ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.