എറിക് ഡി കോസ്റ്റയെപ്പറ്റി കേട്ടിട്ടുള്ളവർ ഏറെയുണ്ടാവില്ല. അദ്ദേഹം അധ്യക്ഷനായ പൊതുജനാഭിപ്രായ പഠന കേന്ദ്രവും അത്ര പ്രസിദ്ധമാണെന്നു പറഞ്ഞുകൂടാ. ഡി കോസ്റ്റ ഈസ്റ്റേൺ എക്കോണമിസ്റ്റ് എന്ന വാരികയുടെ എഡിറ്റർ ആയിരിക്കുമ്പോൾ സാമ്പത്തിക ജർണലിസമോ പൊതുജനാഭിപ്രായ പഠനമോ വലിയ പ്രചാരം നേടിയിരുന്നില്ല. ബിർളയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈസ്റ്റേൺ എക്കോണമിസ്റ്റ്. ഡി കോസ്റ്റ ആ സംരംഭങ്ങളുമായി പോകുമ്പോൾ എഴുത്തും വായനയും ശീലിച്ചിട്ടുള്ളവർക്ക് ഇന്ന് എഴുപതിലേറെയാവും പ്രായം. അവരിൽ തന്നെ പൊതുജനാഭിപ്രായത്തിന്റെ സ്ഥിതിവിവര ഗണിതത്തിലോ സാമ്പത്തിക സൂചികകളിലോ താൽപര്യമുള്ളവർ ചുരുങ്ങും.
കാഴ്ചക്കാരും കേൾവിക്കാരും വീർപ്പടച്ചിരുന്നു വീക്ഷിക്കുന്ന പരിപാടികളെപ്പോലെ പരസ്യം പിടിക്കാനും സ്വാധീനം വിൽക്കാനും ഡി കോസ്റ്റയുടെ പഠനം ഉദ്ദേശിച്ചിരുന്നില്ല. ഉപഭോഗത്തിന്റെയും ഉപയോഗത്തിന്റെയും മനശ്ശാസ്ത്രം മനസ്സിലാക്കി കമ്പോളം കരുപ്പിടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് സർവേകൾ പൊതുവേയെങ്കിലും രാഷ്ട്രീയ ക്ഷേത്രഗണിതത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. അറുപതുകളിൽ അഭിപ്രായ പഠനത്തിന് അദ്ദേഹം സ്വീകരിച്ചിരുന്ന സാമ്പിളുകൾ ആകട്ടെ, തീരെ പരിമിതവുമായിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടായിരിക്കും പലപ്പോഴും പഠന ഫലത്തിന്റെ പ്രസിദ്ധീകരണം. അതുകൊണ്ടു തന്നെ അതിനെച്ചൊല്ലി ആരും വാതു വെക്കാൻ നിൽക്കാറില്ല. എന്നാൽ പൊതുജനാഭിപ്രായ പഠനത്തിൽ പ്രാതസ്മരണീയൻ തന്നെ എറിക് ഡി കോസ്റ്റ.
സത്യത്തിന്റെ സ്വർണമയമായ ആവരണം തുറന്നു നോക്കാൻ മഹർഷിമാർക്കും അൽമായന്മാർക്കും എന്നും കൗതുകമായിരുന്നു. മഹർഷിയാണെങ്കിൽ നോക്കിയിരുന്നത് സത്യത്തിന്റെ മുഖമാണെന്നു പറയും. അൽമായന്മാരോ, ചക്ക ചൂഴ്ന്നു നോക്കാൻ കിണയുന്നവരായിരിക്കും. രണ്ടു കൂട്ടർക്കും കാലത്തിന്റെയോ സ്ഥലത്തിന്റെയോ ഗർഭഗൃഹത്തിൽ എന്തു പിടയുന്നു എന്നു കാലേക്കൂട്ടി അറിയണം. അതിനു ചിലർ കവിടി നിരത്തുന്നു, ചിലർ മഷിയിട്ടു നോക്കുന്നു, ചിലർ ഗൗളിയുടെ ശബ്ദം ചെവി വട്ടം പിടിച്ചു കേൾക്കുന്നു, ചിലർ താരകളെ പിന്തുടരുന്നു, ചിലർ കണ്ടതിലും കേട്ടതിലുമെല്ലാം പ്രപഞ്ചത്തിന്റെ സന്ദേശം ശ്രവിക്കുന്നു.
അങ്ങനെ വരാനിരിക്കുന്നതിനെ കാലേക്കൂട്ടി പറഞ്ഞുവെക്കുന്നവരെ ജനം ത്രികാല ജ്ഞാനികളായി പൂവിട്ടു പൂജിക്കുന്നു. അവർക്കറിയാം, ആരുടെ പ്രവചനവും പിഴക്കാം. അതുകൊണ്ട് ചിലർ തോൽക്കാതിരിക്കാൻ ചില നമ്പറുകൾ ഇറക്കും. പിറക്കാൻ പോകുന്ന കുട്ടി ആണാണെന്ന് മഷിനോട്ടക്കാരൻ ഒരു ഓലക്കീറിൽ എഴുതി ഉത്തരത്തിൽ തിരുകിവെച്ചു. ഓലയുടെ മറുവശത്ത് പെണ്ണെന്നും. അങ്ങനെ ഏതു വഴിയേ പോയാലും തന്റെ ലക്ഷ്യത്തിൽ തന്നെ എത്തുമെന്ന് കണിയാൻ ഉറപ്പു വരുത്തി. തർക്കം പറയരുത്, അന്നൊന്നും ആണും പെണ്ണുമല്ലാത്തവർ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
നേരത്തേ പരാമർശിച്ച ആ ചക്കയുണ്ടല്ലോ, അത് ചൂഴ്ന്നു നോക്കാൻ കഴിയില്ല എന്നറിയാമെങ്കിലും ഒന്നു നോക്കിക്കളയാം എന്നാണ് എല്ലാവരുടെയും ധാരണ. മനുഷ്യന്റെ ആദിമവും മൗലികവുമായ വാസനയാണ് കാലമോ സ്ഥലമോ മറച്ചുവെച്ചിട്ടുള്ളത് മറ നീക്കി കാണാനുള്ള ത്വര. കേൾക്കുന്നവർക്ക് പ്രവചനം ഹരം പകരുന്നു, കേൾപ്പിക്കുന്നവർക്ക് ദിവ്യ പരിവേഷവും. ഒരു പ്രവചനമെങ്കിലും ഫലപ്രദമായി നടത്തതെ ആരും പട്ടം കെട്ടി നടന്നതായി ചരിത്രമില്ല. ഫലിച്ചാലുമില്ലെങ്കിലും പ്രവചനം വേണം. വണ്ടിയിൽ കണ്ടുമുട്ടുന്ന കൈനോട്ടക്കാരനെ ഓർമയില്ലേ? പുള്ളി കൈനോട്ടക്കാരനാണ്. എന്നറിഞ്ഞാലുടനെ നാലു ഭാഗത്തുനിന്നും തുറന്നു നീട്ടിയ കൈകൾ വരികയായി. വിശ്വാസം ഇല്ലാത്തവർക്കും ഒരു കൈ നോക്കിയാൽ കൊള്ളാമെന്നൊരു മോഹം. ഇടക്കു പറയട്ടെ, എന്റെ പേരുകാരൻ ഒരു നോട്ടക്കാരൻ ഒരിക്കൽ എന്റെ കൈ നോക്കുകയുണ്ടായി. എന്റെ വക ഒരു സാക്ഷ്യപത്രം വേണമെന്ന് ആദ്യമായി ആഗ്രഹം പ്രകടിപ്പിച്ചത് 'പ്രൊഫസർ കുട്ടി' ആയിരുന്നു. കൈ മാത്രമല്ല, കാലും നോക്കാം എന്നു കൂടി കേട്ടപ്പോൾ എന്റെ സംശയമെല്ലാം തീർന്നു.
കസന്ദ്ര എന്നൊരു രസികത്തിയുണ്ട്, യവന ദിവ്യനിരയിൽ. ഓലക്കീറു കൊണ്ട് ചെപ്പടി കാട്ടുന്ന കണിയാനെ പോലെയല്ല, കസാന്ദ്ര പറയുന്നത് അക്ഷരം പ്രതി ശരിയായിരിക്കും. അവർ പ്രവചിക്കുന്ന ഓരോ ദുരന്തവും വരാനിരിക്കുന്നതു തന്നെ. പക്ഷേ. ദുർഗതി നോക്കൂ, കസാന്ദ്ര പറയുന്നതൊന്നും നാട്ടുകാർ വിശ്വസിക്കുന്നില്ല. പ്രവചിച്ചാൽ പോരാ, പ്രവചനം വിശ്വസിക്കാൻ നാട്ടുകാരെ പരുവപ്പെടുത്തിയെടുക്കുകയും വേണം. വിശ്വസിക്കപ്പെടാത്ത പ്രവചനങ്ങളുടെ ഉടമയാകുന്നതായിരിക്കും ഭൂമിയിലെയും സ്വർഗത്തിലെയും പരമമായ ദുരന്തം.
രമേശ് ചെന്നിത്തലയുടെ ദുര്യോഗം കസാന്ദ്രയുടേതിൽനിന്ന് അൽപം വ്യത്യസ്തമാകുന്നു. അനിഷ്ടമെങ്കിലും സത്യമായിരുന്നു യവന ദേവിയുടെ പ്രവചനം. അത് ആരും ഗൗനിക്കുന്നില്ലല്ലോ എന്നായിരുന്നു കസാന്ദ്രയുടെ ദുഃഖം. രമേശ് തള്ളിപ്പറയുന്നത് തന്നെയും പാർട്ടിയെയും താറടിച്ചു വീഴ്ത്താൻ സർക്കാർ പരസ്യം കൊടുത്ത് ചുമതലപ്പെടുത്തിയ മാധ്യമങ്ങൾ അവതരിപ്പിക്കുന്ന പ്രവചനങ്ങളും പ്രതിവചനങ്ങളുമാണ്. പ്രവചനം അപ്രിയമായതുകൊണ്ടാണ് അസ്വീകാര്യമായതെന്ന് രമേശ് പറയാതെ പറഞ്ഞുവെക്കുന്നു. വിശ്വസിക്കാൻ മടിക്കുന്ന കാര്യങ്ങൾ ആരെങ്കിലും വാരിപ്പുണരുമോ? പണ്ടാരോ പറഞ്ഞില്ലേ, സത്യം ബ്രൂയാദ് പ്രിയം ബ്രൂയാദ്, ന ബ്രൂയാദ് സത്യം അപ്രിയം. നേരു പറ, നല്ലതു പറ. നന്നല്ലെങ്കിൽ നേരും പറകൊല.
താൻ തോറ്റുപോകുമെന്നു കരുതി കളിക്കാനിറങ്ങുന്നവർ ചുരുങ്ങും. കളിക്കാരുമായി ഒട്ടിനിൽക്കുന്ന നിരീക്ഷകർക്കും കാണും ചില ആഗ്രഹങ്ങളും ഗൂഢകൽപനകളും. അതിനു നിരക്കാത്തത് അവർ പറഞ്ഞുപരത്തുമോ? ചിലപ്പോൾ കളിക്കാരും നിരീക്ഷകരും അവർ തന്നെ കെട്ടിപ്പൊക്കിയ വിവരങ്ങളുടെയോ വിശ്വാസങ്ങളുടെയോ തടവറയിലായിരിക്കും. തെരഞ്ഞെടുപ്പു പ്രവചന തന്ത്രം ആദ്യമായി സാങ്കേതികമായും ഏറെക്കുറെ ഫലപ്രദമായും പ്രയോഗിക്കപ്പെട്ട 1985 ലെ അനുഭവം ഓർക്കട്ടെ.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ അംഗരക്ഷകർ തൊട്ടടുത്തുനിന്ന് വെടിവെച്ചു കൊല്ലുകയും അവരുടെ മകൻ ധിറുതിയിൽ അധികാരമേൽക്കുകയും ചെയ്ത ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്. ഒരു ജനതയുടെ നടുക്കം മാറിയിരുന്നില്ല. ആ സത്യം ഓർക്കാതെ നടത്തുന്ന പ്രവചനം കോമാളിക്കഥയേ ആകൂ. മലയുടെ ഉയരം അറിയണമെങ്കിൽ അടിവാരത്തിൽനിന്ന് അകന്നു നിൽക്കണം എന്നു പറയുന്നതു പോലെ ഒരു നിലപാട് ഈ സന്ദിഗ്ധാവസ്ഥയിലും വേണം. പക്ഷേ പ്രധാനമന്ത്രിയെ രക്ഷിക്കാൻ കഴിയാത്തവർക്ക് എങ്ങനെ രാജ്യത്തെ രക്ഷിക്കാൻ കഴിയും എന്നൊക്കെ ചില മുദ്രാവാക്യങ്ങൾ ഇ എം എസ് ഇറക്കി. എനിക്കു തോന്നുന്നു, അദ്ദേഹം ആത്മാർഥമായി വിശ്വസിച്ചിരുന്നു, കോൺഗ്രസ് തറ പറ്റുമെന്ന്. തറ പറ്റിയത് അദ്ദേഹത്തിന്റെ ശകടമായിരുന്നു. ഇത്രയേറെ മത്സരം കാണുകയും സംഘടിപ്പിക്കുകയും ചെയ്ത ഇ എമ്മിനു പിഴക്കാമെങ്കിൽ ആർക്കു പിഴച്ചുകൂടാ?
രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച 1985 ലെ തെരഞ്ഞെടുപ്പിൽ പ്രവചന രംഗത്ത് പ്രാപ്തി തെളിയിക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്ത പ്രണയ് റായ് ഇപ്പോൾ മീഡിയാ രംഗത്ത് നിർണായക സ്വാധീനമുള്ള എൻ ഡി ടി വിയുടെ മേധാവിയാണ്. വിജയം പോലെ വിജയിക്കുന്നത് വേറൊന്നില്ല എന്ന മൊഴി സാധൂകരിക്കുന്നതാണ് അദ്ദേഹത്തിന്റെ ഉയർച്ച. രാജ്യം ഇന്നേവരെ കാണാത്ത രാഷ്ട്രീയ തരംഗമായിരുന്നു 1985 ലേത്. തരംഗം തുടങ്ങുന്നത് കാണാമെങ്കിൽ പിനീടുള്ള പ്രവചനം എളുപ്പമാകും. ബലിയയിലെയും ഗ്വാളിയറിലെയും അലഹബാദിലെയും ബെർഹാമ്പൂരിലെയും പ്രതിപക്ഷ സ്തംഭങ്ങൾ ഒന്നൊഴിയാതെ പുഴകി വീണുതുടങ്ങിയപ്പോൾ, പ്രണയ് റായ് വരച്ചിട്ട രാഷ്ട്രീയ ഭൂപടം അജയ്യവും പൂർണവുമായി.
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ മറ്റൊരു ജലരേഖയായിരുന്നു 1993 ഡിസംബർ. ഉത്തർ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇടക്കാല തെരഞ്ഞെടുപ്പായിരുന്നു. അവിടത്തെ ബി ജെ പി സർക്കാരുകളെ കേന്ദ്രം പിരിച്ചുവിട്ടു. ബി ജെ പി വീണ്ടും സർക്കാരുണ്ടാക്കാൻ ശ്രമിച്ചാൽ കോലാഹലമാകും. പ്രധാനമന്തി നരസിംഹ റാവു പരുങ്ങലിലാകും. തുടർന്നുണ്ടാകുന്ന വിടവു നികത്താൻ കെ കരുണാകരന് നറുക്കു വീഴുമോ എന്നൊക്കെ ചർച്ച പോയി. അതു വേണ്ടി വന്നില്ലെന്നത് വിരസ ചരിത്രം. ചരിത്രത്തിൽ സ്ഥാനം പിടിക്കാത്ത ഒരു കഥാഭാഗം പറയട്ടെ.
ഞാൻ ജോലി ചെയ്തിരുന്ന പത്രം ഒരു പോൾ സർവേ ഏർപ്പെടുത്തി. സർവേയുടേ വിവരവും ഗണിതവും ചേർത്ത് കഥ എഴുതുന്ന ചുമതല എനിക്കായിരുന്നു. സർവേ നടത്തിയ വിദഗ്ധനുമായി എഡിറ്ററും ഞാനും സംസാരിച്ചു. ബി. ജെ. പി പരാജയപ്പെടും എന്നായിരുന്നു ആ പ്രദേശത്തുകാരനല്ലാത്ത വിദഗ്ധന്റെ നിഗമനം. ബി. ജെ. പി ജയിച്ചുകാണാൻ വാശി പിടിച്ചിരുന്ന എഡിറ്ററുടെ വാക്കും നോക്കും കണ്ടപ്പോൾ അദ്ദേഹം നിലപാട് മാറ്റി. ഫലം വന്നപ്പോഴോ, വിദഗ്ധന്റെ ആദ്യത്തെ നിലപാട് ശരിയാണെന്ന് തെളിയുകയായിരുന്നു.
വിദഗ്ധന് ആരെങ്കിലും രഹസ്യാനുമോദനം കൊടുത്തോ എന്നറിയില്ല. അദ്ദേഹവും ഒരു നരസിംഹ റാവു ആയിരുന്നു. പ്രധാനമന്തി നരസിംഹറാവുവിന്റെ രാജിക്കു വേണ്ടി ദാഹിച്ചിരുന്നവർക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ചിരിക്കാത്ത മുഖം ഒന്നു കൂടി കടുപ്പിച്ച് അദ്ദേഹം ഒന്നും സംഭവിക്കാത്ത മട്ടിൽ സൗത്ത് ബ്ലോക്കിന്റെ പടികൾ കയറിയിറങ്ങി. എന്റെ എഡിറ്ററെ ഒന്നു രണ്ടു മാസത്തിനകം ഇറക്കി വിടുമെന്ന സംസാരം ചൂടു പിടിച്ചു.