Sorry, you need to enable JavaScript to visit this website.

അരിത ബാബുവിന് എതിരായ പരാമർശം പിൻവലിക്കില്ല-എ.എം ആരിഫ് എം.പി

ആലപ്പുഴ- കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെതിരായ വിവാദപരാമർശം പിൻവലിക്കില്ലെന്ന് എ. എം ആരിഫ് എം.പി. പറഞ്ഞതിൽ തെറ്റുള്ളതായി തോന്നുന്നില്ലെന്നും പ്രരാബ്ധം പറഞ്ഞ് വോട്ടു ചോദിക്കുന്ന രീതിക്കെതിരെയാണ് തന്റെ വിമർശനമെന്നും ആരിഫ് പറഞ്ഞു. 
'ഒരാളുടെ പ്രാരാബ്ധവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ട് നേടാൻ ശ്രമിക്കുന്ന ഒരു രീതിയെയാണ് ഞാൻ വിമർശിച്ചത്. ഞാൻ എന്തിനാണ് പിൻവലിക്കേണ്ടത് എന്ന് എനിക്ക് മനസിലാകുന്നില്ല. അവർ ഇതൊക്കെ വോട്ടാക്കിമാറ്റാൻ ശ്രമിക്കുകയാണ് എന്നല്ലാതെ എനിക്ക് ഇതിനെക്കുറിച്ചൊന്നും പറയാനില്ല. ഞാൻ ഒരു തെറ്റ് പറഞ്ഞതായി എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല,' ആരിഫ് പറഞ്ഞു. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, ഇത് കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നായിരുന്നു ആരിഫിന്റെ പരാമർശം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച വനിതാ സംഗമത്തിൽ സംസാരിക്കവെയായിരുന്നു ആരിഫിന്റെ വിവാദ പരാമർശം. 

എം.പിയുടെ പരാമർശം വിഷമമുണ്ടാക്കിയെന്ന് അരിതാ ബാബു പ്രതികരിച്ചു. തൊഴിലാളി പാർട്ടിയുടെ നേതാവിൽ നിന്ന് ഇങ്ങനെ ഒരു പരാമർശമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സാധാരണക്കാരായ തൊഴിലാളികളെയാകെയാണ് ആരിഫ് അപമാനിച്ചതെന്നും അരിതാ ബാബു പറഞ്ഞു.
 

Latest News