മുംബൈ- മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചു. അഴിമതി ആരോപണത്തില്‍ ബോംബൈ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് എന്‍.സി.പി നേതാവിന്‍റെ രാജി. രാജിക്കത്ത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൈമാറി.
പോലീസുകാരോട് പണപ്പിരിവ് നടത്താന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനായിരുന്നു നിർദേശം.
ഹോട്ടലുകളിലും ബാറുകളിലും നിന്ന് 100 കോടി രൂപ പ്രതിമാസം പിരിക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരംബീര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ അടക്കം മന്ത്രി അഴിമതി നടത്തുന്നുവെന്നും പരംബീര്‍ സിങ് ആരോപിച്ചിരുന്നു.
ഡോ. ജയശ്രീ പാട്ടീല്‍ ആണ് ആഭ്യന്തരമന്ത്രിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അഴിമതി ആരോപണങ്ങളില്‍ 15 ദിവസത്തിനകം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ അനന്തര നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ആരോപണ വിധേയനായ ആള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയാണെന്നും, അതിനാല്‍ പോലീസിന്റെ അന്വേഷണം നിഷ്പക്ഷവും സ്വതന്ത്രവുമാകില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ജി എസ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.