Sorry, you need to enable JavaScript to visit this website.

ബെംഗളൂരുവില്‍ കോവിഡ് ബാധിച്ച മെഡിക്കല്‍ വിദ്യാർഥികളില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരും

ബെംഗളൂരു- ബെംഗളൂരു മെഡിക്കൽ കോളേജ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ബിഎംസിആർഐ) 13 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.


കോവിഡ് പ്രതിരോധ വാക്സിന്‍റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരും ഇവരില്‍ ഉള്‍പ്പെടുന്നു. രോഗം ബാധിച്ച വിദ്യാർത്ഥികള്‍ പ്രത്യേക ഹോസ്റ്റൽ മുറികളിൽ നിരീക്ഷണത്തിലാണ്.

13 എം‌ബി‌ബി‌എസ് വിദ്യാർത്ഥികളിൽ ഒരാൾക്കും യാത്രാ ചരിത്രമില്ലെന്ന് ബി‌എം‌സി‌ആർ‌ഐയിലെ കോവിഡ് നോഡൽ ഓഫീസർ ഡോ. സ്മിത സെഗു പറഞ്ഞു. ഏതാനും വിദ്യാർത്ഥികൾക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്.  തുടർന്ന്, ബി‌എം‌സി‌ആർ‌ഐ ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാർഥികളേയും പരിശോധിച്ചപ്പോള്‍ 13 പേർക്ക് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. അണുബാധയുടെ തീവ്രത കുറവാണെന്ന് ഡോ.സ്മിത  പറഞ്ഞു.

അടുത്തിടെ, വാക്സിനേഷൻ രണ്ടാം ഡോസ് സ്വീകരിച്ച ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിലെ രണ്ട് വിദ്യാർത്ഥികൾക്ക്  കോവിഡ് സ്ഥിരീകരിച്ചിരുന്നു.  രണ്ടാഴ്ച മുമ്പ്, രണ്ട് നഴ്സുമാർക്കും വാക്സിനേഷനുശേഷം കോവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ഇവരൊന്നും അണുബാധയുടെ തീവ്രത കാണിച്ചിരുന്നില്ലെന്ന് ആശുപത്രി ഡയറക്ടർ ഡോ. സി.എൻ മഞ്ജുനാഥ് പറഞ്ഞു.

വാക്സിനേഷനുശേഷം കോവിഡ് ബാധിച്ച കേസുകൾ മണിപ്പാൽ ആശുപത്രിയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിനേഷന്റെ ആദ്യ ഡോസിന് ശേഷം ആളുകള്‍ മുന്‍കരുതലുകളില്‍ കാണിക്കുന്ന വീഴ്ചയാണ് രോഗം ബാധിക്കാന്‍ കാരണമെന്ന് മണിപ്പാൽ ആശുപത്രിയിലെ സയന്റിഫിക് ബോർഡ് മേധാവിയും ജെറിയാട്രിക് മെഡിസിൻ ചെയർമാനുമായ ഡോ. അനൂപ് അമർനാഥ് പറഞ്ഞു.

Latest News