ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണം തന്നെ ആഴത്തിൽ മുറിവേൽപ്പിച്ചെന്നും കടുത്ത മനോവേദന ഉണ്ടാക്കിയെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. പാക്കിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി മൻമോഹൻ സിംഗ്, മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, മുൻ കരസേന മേധാവി ദീപക് കപൂർ എന്നിവർ കൂടിയാലോചന നടത്തിയെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ചർച്ച നടത്തിയെന്നുമായിരുന്നു മോഡിയുടെ ആരോപണം.
ആരോപണം പിൻവലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ക്ഷമാപണം നടത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് മൻമോഹൻ സിംഗ് പ്രസ്താവനയിൽ പറഞ്ഞു. പ്രധാനമന്ത്രി പദത്തിലിരിക്കുന്നയാളുടെ പക്വത അദ്ദേഹം കാണിക്കുമെന്നാണ് കരുതുന്നതെന്നും മൻമോഹൻ സിംഗ് വ്യക്തമാക്കി.
ഭീകരതയോട് സന്ധി ചെയ്യുന്ന ഒരു പാർട്ടിയിൽനിന്നും പ്രധാനമന്ത്രിയിൽനിന്നും ദേശീയതയുടെ സാരോപദേശം സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മൻമോഹൻ സിംഗ് കടുത്ത ഭാഷയിലാണ് മോഡിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉദ്ധംപൂരിലു ഗുരുദാസ്പൂരിലും പാക്കിസ്ഥാൻ ഭീകരാക്രമണം നടത്തിയതിന്റെ ഞെട്ടൽ വിട്ടുമാറും മുമ്പ് ആ രാജ്യത്തേക്ക് ക്ഷണിക്കാതെ പറന്നെത്തിയയാളാണ് മോഡി. പാക്കിസ്ഥാനിലെ ഐ.എസ്.ഐയെ ഇന്ത്യയിലെ തന്ത്രപ്രധാനമായ പാത്താൻകോട്ടിലെ വ്യോമതാവളം സന്ദർശിക്കാൻ അനുവദിച്ചതിന്റെ കാരണം മോഡി രാജ്യത്തോട് തുറന്നുപറയണം.
കഴിഞ്ഞ അൻപത് കൊല്ലത്തിലേറെയായുള്ള എന്റെ പൊതുപ്രവർത്തനം തുറന്ന പുസ്തകമാണെന്നും അത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും മൻമോഹൻ പറഞ്ഞു.