ദുബായ്- ഒരു ഇന്ത്യക്കാരന്‍ മരിക്കകയും ഇന്ത്യക്കാരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയം ചെയ്ത അപ്പാർട്ട്മെന്‍റ് സ്ഫോടനത്തില്‍ മൂന്ന് പ്രതികള്‍ക്കെതിരെ കുറ്റപത്രം.
32 കാരനായ ഈജിപ്ഷ്യൻ ഓപ്പറേഷൻ മാനേജർ, 34 വയസ്സായ പാകിസ്ഥാൻ ടെക്നീഷ്യൻ, 32 വയസ്സായ ഇന്ത്യൻ ടെക്നീഷ്യൻ എന്നിവർക്കെതിരെയാണ് ദുബായ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യക്കാരനായ ടെക്നീഷ്യനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒരാളുടെ മരണത്തിനും ഇന്ത്യക്കാരിക്ക് 100 ശതമാനം അംഗവൈകല്യത്തിനും കാരണമായ സ്ഫോടനത്തില്‍ 6,14,000 ദിർഹമിന്‍റെ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.
2019 സെപ്റ്റംബറിലാണ് അറ്റകുറ്റപ്പണികൾക്കിടെ അൽ റിഫാ ഏരിയയിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ വാതക ചോർച്ചയും സ്ഫോടനവുമുണ്ടായത്.
607 ാം നമ്പർ അപ്പാർട്ട്മെന്‍റ് വാടകക്കെടുത്ത ഇന്ത്യക്കാരനും റിയൽ എസ്റ്റേറ്റ് ഏജന്‍റുമായ മുഹിബ് ഷെയ്ഖാണ് രണ്ട് ദിവസമായി പ്രവർത്തിക്കാത്തതിനാൽ പൈപ്പ് ഗ്യാസ് വിതരണം പരിശോധിക്കാൻ മെയിന്റനൻസ് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം രണ്ട് ടെക്നീഷ്യന്മാർ വന്നപ്പോള്‍ മുഹിബിന്‍റെ ഭാര്യ ഭാര്യ കനിസ് അപ്പാർട്ട്മെന്റിലുണ്ടായിരുന്നു. ടെക്നീഷ്യന്മാരില്‍ ഒരാള്‍ അടുപ്പ് ഓണാക്കിയപ്പോഴാണ് സ്ഫോടനമുണ്ടായത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന മറ്റൊരു ഇന്ത്യക്കാരന്‍ സ്ഫോടന സമയത്ത് മകളോടൊപ്പം ഇടനാഴിയിലുണ്ടായിരുന്നു. അപ്പാർട്ട്‌മെന്റിന്റെ വാതിലില്‍ തട്ടി തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് പിതാവ് മരിച്ചു. മകൾ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
ഗ്യാസ് വിതരണത്തിലെ പ്രശ്നം പരിഹരിക്കാൻ വന്ന പാകിസ്ഥാൻ ടെക്നീഷ്യനും പരിക്കേറ്റതായും 15 ശതമാനം സ്ഥിരം വൈകല്യമുണ്ടെന്നും കേസ് രേഖകളില്‍ പറയുന്നു.
രാത്രി എട്ട് മണിയോടെ മുഹിബ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ കിനിസ് ആശുപത്രിയിലാണെന്ന വിവരം അറിഞ്ഞത്. സ്ഫോടനത്തില്‍ കെട്ടിടത്തിലെ മറ്റ് അപ്പാർട്ടുമെന്റുകളും തകർന്നിരുന്നു.
ഭാര്യയുടെ ചികിത്സയ്ക്കായി ഏകദേശം ഒരു ലക്ഷം ദിർഹം ചെലവായതായി മുഹിബ് വെളിപ്പെടുത്തുന്നു.
75 ശതമാനം പൊള്ളലേറ്റ കനിസിനെ റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. ന്യുമോണിയ ഉൾപ്പെടെയുള്ള ഗുരുതരമായ അണുബാധകളോടെ മൂന്നുമാസത്തിലേറെ ജീവിതത്തിനും മരണത്തിനുമിടയിൽ കഴിഞ്ഞു. നിരവധി ശസ്ത്രക്രിയകൾ നടത്തി. ഒടുവിൽ 2019 ഡിസംബർ 26 നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
കനിസിന്റെ മുഖത്തും കഴുത്തിലും രൂപഭേദം സംഭവിച്ചതായും കൈകാലുകളുടെ സന്ധികളിൽ ചലനശേഷി നഷ്ടപ്പെട്ടതായും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.
അപ്പാർട്ട്‌മെന്റിനുള്ളിൽ വാതക ചോർച്ചയുണ്ടായതാണ് സ്‌ഫോടനത്തിന് കാരണമായതെന്നും സമീപത്തെ കെട്ടിടത്തിനും കേടുപാടുകൾ സംഭവിക്കാന്‍ ഇതാണ് കാരണമെന്നും ദുബായ് പോലീസ് സമർപ്പിച്ച ഫോറന്‍സിക് റിപ്പോർട്ടിൽ പറയുന്നു. നാളെ കേസില്‍ വീണ്ടും വാദം കേള്‍ക്കും.