കോയമ്പത്തൂര്‍- മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിടികൂടാന്‍ സഹായിച്ചത് വളര്‍ത്തുനായ. കോയമ്പത്തൂര്‍ സെല്‍വപുരത്താണ് 30കാരിയെ പീഡിപ്പിച്ച ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ദിലീപ്കുമാര്‍(29) എന്നയാളെ വളര്‍ത്തുനായയുടെ സഹായത്തോടെ നാട്ടുകാര്‍ പിടികൂടിയത്.
മാനസിക വൈകല്യമുള്ള യുവതി സഹോദരന്റെ വീടിന് സമീപം ചെറിയ ഷെഡ്ഡിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി സ്വര്‍ണപ്പണിക്കാരനായ ദിലീപ്കുമാര്‍ യുവതി താമസിക്കുന്ന ഷെഡ്ഡിലെത്തി. രാത്രിയായിട്ടും യുവതിയുടെ ഷെഡ്ഡില്‍ വെളിച്ചമോ മറ്റോ കാണാതിരുന്നതോടെ സമീപത്ത് താമസിക്കുന്ന സഹോദരനും വീട്ടുകാര്‍ക്കും സംശയമായി. തുടര്‍ന്ന് യുവതി താമസിക്കുന്നിടത്ത് പരിശോധന നടത്തിയപ്പോളാണ് ഒളിച്ചിരുന്ന ദിലീപ്കുമാര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവരുടെ വീട്ടിലെ വളര്‍ത്തുനായ ഇയാളുടെ പിന്നാലെ ഓടുകയും കാലില്‍ കടിക്കുകയും ചെയ്തു. പാന്റില്‍ കടിച്ച നായ പ്രതിയെ ഓടാന്‍ അനുവദിക്കാതെ വളഞ്ഞുവച്ചു. പിന്നാലെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ദിലീപ്കുമാറിനെ പിടികൂടുകയായിരുന്നു. പ്രതിയെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയത്.
ദിലീപ്കുമാര്‍ നേരത്തെയും യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ഫോണില്‍നിന്ന് നേരത്തെ ചിത്രീകരിച്ച വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.